തിരുവനന്തപുരം: കേരളത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ മേധാവികളെ നിയമിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി പ്രമുഖ എഴുത്തുകാരൻ കൽപ്പറ്റ നാരായണനും സംഗീത നാടക അക്കാദമി അധ്യക്ഷനായി ഗായകൻ ജി. വേണുഗോപാലും ചുമതലയേൽക്കും. നടൻ പ്രേംകുമാറിനെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ അധ്യക്ഷനായും നിയമിച്ചു.
ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നടൻ രവീന്ദ്രനെ നേരത്തെ നിയമിച്ചിരുന്നു. നിർമാതാവ് എം. രഞ്ജിത്താണ് ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാനാവുക. ഡോ. പ്രകാശ് മൂർത്തിയെ ലളിതകലാ അക്കാദമി ചെയർമാനായും നിയമിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് സാംസ്കാരിക സ്ഥാപനങ്ങളിലെ മേധാവികളുടെ നിയമനം പൂർത്തിയാകുന്നത്. അക്കാദമികളുടെയും മറ്റ് സാംസ്കാരിക സ്ഥാപനങ്ങളുടെയും തലപ്പത്തേക്കുള്ള നിയമനം വൈകുന്നതിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു.
കവി, നോവലിസ്റ്റ്, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കൽപ്പറ്റ നാരായണൻ കോൺഗ്രസ് സഹയാത്രികനായാണ് അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കവി സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു.
എൽഡിഎഫ് ഭരണകാലത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല വഹിച്ചിരുന്ന നടൻ പ്രേംകുമാർ പിന്നീട് സർക്കാരുമായുള്ള അസ്വാരസ്യത്തെ തുടർന്ന് സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് യുഡിഎഫിനൊപ്പം എത്തിയ പ്രേംകുമാറിനെ ചലച്ചിത്ര വികസന കോർപ്പറേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു.
