തിരുവനന്തപുരം: മലയാള സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് മെറ്റ ഇന്ത്യയിൽ വിലക്കിയ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ യുഡിഎഫ് സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് നോക്യാപിന് നേരിടേണ്ടിവന്ന വിലക്കെന്നാണ് പിണറായി വിജയന്റെ ആരോപണം.
സമൂഹമാധ്യമങ്ങളിലെ സെൻസർഷിപ്പിൽ സർക്കാരിന് പങ്കില്ലെന്ന് നിരന്തരം പറയുമ്പോഴാണ് ഒരു മാധ്യമത്തിന് വിലക്ക് നേരിട്ടതെന്നും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് മെറ്റയുടെ വിശദീകരണം തന്നെ വ്യക്തമാക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
വിമർശനങ്ങളോടും മാധ്യമസ്വാതന്ത്ര്യത്തോടുമുള്ള സർക്കാരിന്റെ അസഹിഷ്ണുതയാണ് സംഭവത്തിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം വിമർശിച്ചു. നരേന്ദ്ര മോദിയും സംഘപരിവാറും നടപ്പാക്കുന്ന അതേ മാധ്യമവേട്ടയാണ് കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് സർക്കാരും നടത്തുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
സർക്കാരിൽനിന്നുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയതെന്നാണ് മെറ്റയിൽനിന്ന് ലഭിച്ച വിശദീകരണമെന്ന് നോക്യാപ് ചീഫ് എഡിറ്റർ അലി ഹൈദർ അറിയിച്ചു. ‘നിയമവിരുദ്ധ പ്രവർത്തനം’ നടത്തുന്നതായി ചൂണ്ടിക്കാട്ടി ഐടി ആക്ട്, 2000ലെ സെക്ഷൻ 79(3)(ബി) പ്രകാരം സർക്കാർ മെറ്റയ്ക്ക് നൽകിയ നോട്ടീസിനെ തുടർന്നാണ് പേജിന് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് വിശദീകരണം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് ‘നിയമവിരുദ്ധം’ എന്ന് വ്യക്തമാക്കുന്ന വിശദീകരണം മെറ്റയിൽനിന്നോ സർക്കാരിൽനിന്നോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അലി ഹൈദർ വ്യക്തമാക്കി.
