തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തൽ മത്സരങ്ങൾ മുന്നറിയിപ്പില്ലാതെ മാറ്റിവെച്ചതിനെ തുടർന്ന് തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ രക്ഷിതാക്കളുടെ പ്രതിഷേധം. മത്സരക്രമീകരണത്തിലെ വീഴ്ചയും മത്സരമാറ്റിവെച്ച വിവരം നേരത്തെ അറിയിക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണം.
14 ജില്ലകളിൽ നിന്നുള്ള താരങ്ങളും രക്ഷിതാക്കളും മത്സരത്തിനായി അക്വാട്ടിക് കോംപ്ലക്സിലെത്തിയ ശേഷമാണ് മത്സരം മാറ്റിവെച്ച വിവരം അറിയിച്ചത്. അധ്യാപകരെയും രക്ഷിതാക്കളെയും ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നാണ് പരാതി. താരങ്ങൾക്ക് 150 രൂപ നൽകി മടക്കിയയക്കാൻ ശ്രമിച്ചതായും രക്ഷിതാക്കളെ സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
ഇതിനിടെ പ്രതിഷേധം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് പൊലീസ് സ്ഥലത്തുനിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതും വിവാദമായി. മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ പൊലീസ് നിലപാടിൽനിന്ന് പിന്മാറി.
അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക പന്തലിന്റെ ഷീറ്റുകൾ ഇളകിവീണ് അഞ്ചുപേർക്ക് പരിക്കേറ്റതിനെ തുടർന്നാണ് നീന്തൽ മത്സരങ്ങൾ മാറ്റിവെച്ചത്. 18കാരിയായ ദേവികയുടെ തലയ്ക്ക് അഞ്ച് തുന്നലുകളിട്ടു. ഋഷികേശ് എസ്. സദൻ (17), അഭിനവ് അജിക് (17), ശ്രീഹരി ശ്രീജിത്ത് (17), പ്രിയ (42) എന്നിവർക്കും പരിക്കേറ്റിരുന്നു.
താൽക്കാലിക പന്തലിന് കേടുപാടുകൾ സംഭവിച്ച സാഹചര്യത്തിൽ മത്സരം മാറ്റിവെച്ചതിൽ പ്രതിഷേധമില്ലെങ്കിലും, മത്സരവുമായി ബന്ധപ്പെട്ട തീരുമാനം സമയബന്ധിതമായി താരങ്ങളെയും അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കാതിരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
