Home Keralaപിജെ ജോസഫിന്റെ ക്യാബിനറ്റ് പദവി വൈകുന്നു; കേരള കോൺഗ്രസിൽ അതൃപ്തി, മുഖ്യമന്ത്രിയെ നേരിൽ കാണാൻ മോൻസ് ജോസഫ്

പിജെ ജോസഫിന്റെ ക്യാബിനറ്റ് പദവി വൈകുന്നു; കേരള കോൺഗ്രസിൽ അതൃപ്തി, മുഖ്യമന്ത്രിയെ നേരിൽ കാണാൻ മോൻസ് ജോസഫ്

by news_desk1
0 comments

തിരുവനന്തപുരം: പിജെ ജോസഫിന് വാഗ്ദാനം ചെയ്ത ക്യാബിനറ്റ് റാങ്കിലുള്ള പദവി വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി. എം.കെ. മുനീറിനും ജി. ദേവരാജനും പദവികൾ നൽകിയിട്ടും പിജെ ജോസഫിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകാത്തതാണ് മുന്നണിയിൽ പുതിയ ചർച്ചയ്ക്ക് ഇടയാക്കിയത്. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് മന്ത്രി മോൻസ് ജോസഫ് വീണ്ടും ആവശ്യം ഉന്നയിക്കും.

എം.കെ. മുനീറിനും ജി. ദേവരാജനും ഒപ്പം തന്നെ പിജെ ജോസഫിന്റെ പദവിയുടെ കാര്യത്തിലും നേരത്തെ ധാരണയുണ്ടായിരുന്നെന്നാണ് കേരള കോൺഗ്രസിന്റെ വാദം. നിയമസഭാ തിരഞ്ഞെടുപ്പിൽ പിജെ ജോസഫ് മത്സരിക്കാതെ മാറിനിന്നപ്പോൾ തന്നെ ക്യാബിനറ്റ് റാങ്കിലുള്ള സുപ്രധാന പദവി യുഡിഎഫ് നേതൃത്വം ഉറപ്പുനൽകിയിരുന്നുവെന്നും പാർട്ടി പറയുന്നു.

സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കാണ് പിജെ ജോസഫിനെ പരിഗണിക്കുന്നതെന്നായിരുന്നു നേരത്തെ നടന്ന ചർച്ചകൾ. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് എം.കെ. മുനീറിനെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനത്തേക്ക് ജി. ദേവരാജനെയും തീരുമാനിച്ചിട്ടും പിജെ ജോസഫിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകാത്തതാണ് കേരള കോൺഗ്രസിന്റെ അതൃപ്തിക്ക് കാരണം.

യുഡിഎഫിന്റെ പ്രഥമ കൺവീനറായ മുതിർന്ന നേതാവ് പിജെ ജോസഫിന് പദവി നൽകുന്നതിൽ മുൻഗണന വേണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. കേവലം കേരള കോൺഗ്രസിന്റെ പ്രതിനിധി എന്ന നിലയിലല്ല, യുഡിഎഫിന്റെ ഭാഗമായി തന്നെയാണ് പിജെ ജോസഫിന് പദവി നൽകേണ്ടതെന്നും മുന്നണി നേതൃത്വത്തെ പാർട്ടി അറിയിച്ചിട്ടുണ്ട്.

അതേസമയം, കേരള കോൺഗ്രസിനുള്ളിലും പദവികളെ ചൊല്ലി അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നുവെന്നാണ് വിവരം. പദവി ലഭിക്കാത്തതിൽ തോമസ് ഉണ്ണിയാടനും കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഉണ്ണിയാടനെ അവഗണിച്ച് പിജെ ജോസഫിന് പദവി നൽകുമ്പോഴുണ്ടാകാവുന്ന പ്രശ്നവും നേതൃത്വത്തിന് മുന്നിലുണ്ട്.

മാണി സി. കാപ്പനും മുന്നണിയിൽ അതൃപ്തിയിലാണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. അനൂപ് ജേക്കബിനൊപ്പം മന്ത്രിസ്ഥാനം പങ്കിടുമെന്ന ചർച്ചകൾ ആദ്യം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. പിന്നീട് ക്യാബിനറ്റ് റാങ്കോടെ നോർക്ക വൈസ് ചെയർമാൻ സ്ഥാനം നൽകാൻ ധാരണയായിരുന്നെങ്കിലും മുംബൈയിലെ കേസ് വന്നതോടെ നീക്കം മുന്നോട്ടുപോയില്ല.

അടുത്ത മന്ത്രിസഭാ യോഗത്തിൽ പിജെ ജോസഫിന്റെയും മാണി സി. കാപ്പന്റെയും കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ പുതിയ സാഹചര്യത്തിൽ ഏത് പദവിയാണ് നൽകുക, അതിന് ക്യാബിനറ്റ് റാങ്ക് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

You may also like