ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് കേസുകളിൽ പ്രതിയായ 67കാരന് ആലുവ അതിവേഗ പോക്സോ കോടതി 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ചു. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67)യാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് കേസുകളിലും അഞ്ച് വർഷം വീതം തടവും ആകെ 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
2024 ഏപ്രിൽ, മേയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്ന് എടത്തല പൊലീസ് സ്റ്റേഷനിൽ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തു.
തുടർന്ന് പൊലീസ് അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കുകയും പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കേസുകളുടെ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ആലുവ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജി. യമുന ഹാജരായി.
