പട്ന: ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് ദുരിതാശ്വാസത്തിനായി താഴേക്കിട്ട ഭക്ഷണപ്പൊതി തലയിൽ വീണ് 62കാരൻ മരിച്ചു. പട്നയിലെ സാരൺ ജില്ലയിലെ പർസുരാംപൂരിൽ വെള്ളിയാഴ്ചയാണ് ദാരുണ സംഭവം.
പ്രളയബാധിതർക്കായി ദുരിതാശ്വാസ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അനിൽ കുമാർ സിങ് എന്നയാളാണ് മരിച്ചത്. ഏകദേശം അഞ്ച് കിലോഗ്രാം ഭാരമുള്ള ഭക്ഷണപ്പൊതിയാണ് തലയിൽ വീണതെന്നാണ് റിപ്പോർട്ട്.
ഭക്ഷണം കഴിച്ച ശേഷം വീടിന് പുറത്തിരിക്കുകയായിരുന്നു അനിൽ കുമാർ സിങ്. പ്രദേശത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറക്കുന്നതിനിടെ ഭക്ഷണപ്പൊതികൾ താഴേക്ക് ഇടുകയായിരുന്നു. അതിലൊന്നാണ് അനിൽ സിങ്ങിന്റെ തലയിൽ പതിച്ചത്.
മറ്റൊരു ഭക്ഷണപ്പൊതി അദ്ദേഹത്തിന്റെ നെഞ്ചിലും പതിച്ചതായി കുടുംബം ആരോപിച്ചു. സംഭവസ്ഥലത്ത് വെച്ചുതന്നെ അനിൽ കുമാർ സിങ് മരിച്ചതായാണ് റിപ്പോർട്ടുകൾ.
