ചെറുവാഞ്ചേരി: ടൗണിലും പരിസര പ്രദേശങ്ങളിലും പതിവായ വൈദ്യുതി മുടക്കം ഹോട്ടലുകൾ ഉൾപ്പെടെയുള്ള കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ദിവസവും മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതാകുന്നത് കൂൾബാറുകൾ, പ്രിന്റിങ് പ്രസുകൾ, ഹോട്ടലുകൾ, ധാന്യമില്ലുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോളോബ്രിക്സ് നിർമാണ ഫാക്ടറി ഉൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങളിലെ തൊഴിലാളികളും ഇതുമൂലം ദുരിതത്തിലായി.
വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കായാണ് വിതരണം നിർത്തിവയ്ക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ പകൽ ഇത്രയും നേരം വൈദ്യുതി മുടങ്ങുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ചില ദിവസങ്ങളിൽ രാവിലെ നിലയ്ക്കുന്ന വൈദ്യുതി വൈകിട്ടോടെയാണ് പുനഃസ്ഥാപിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിലെ വൈദ്യുതി മുടക്കം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതാണെന്ന് വ്യാപാരികൾ പറയുന്നു.
