Home Localകായികമേള വിവാദത്തിൽ മന്ത്രിയുടെയും കോർപറേഷന്റെയും വാദം പൊളിയുന്നു; വേദിക്കായി വിദ്യാഭ്യാസ വകുപ്പ് അയച്ച രേഖ പുറത്ത്

കായികമേള വിവാദത്തിൽ മന്ത്രിയുടെയും കോർപറേഷന്റെയും വാദം പൊളിയുന്നു; വേദിക്കായി വിദ്യാഭ്യാസ വകുപ്പ് അയച്ച രേഖ പുറത്ത്

by news_desk1
0 comments

തൃശൂർ: സ്കൂൾ കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികമന്ത്രി ഒ. ജെ. ജനീഷിന്റെയും തൃശൂർ കോർപറേഷന്റെയും വാദങ്ങളെ ചോദ്യം ചെയ്യുന്ന രേഖ പുറത്ത്. മത്സരവേദിയൊരുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് തൃശൂർ കോർപറേഷനെ ഔദ്യോഗികമായി സമീപിച്ചതിന്റെ കത്താണ് പുറത്തുവന്നത്.

ജനപ്രതിനിധികൾക്ക് കായികമേളയെക്കുറിച്ച് അറിവില്ലായിരുന്നെന്ന മന്ത്രിയുടെ വാദത്തിനും, തങ്ങളെ അറിയിച്ചിരുന്നില്ലെന്ന തൃശൂർ കോർപറേഷന്റെ വാദത്തിനുമാണ് രേഖ തിരിച്ചടിയാകുന്നത്. മേയറും ഡെപ്യൂട്ടി മേയറും ഉൾപ്പെടെയുള്ളവർക്കാണ് വിദ്യാഭ്യാസ വകുപ്പ് കത്തയച്ചത്.

ഫുട്ബോൾ മത്സരങ്ങൾ നടത്തുന്നതിനായി തൃശൂർ കോർപറേഷൻ സ്റ്റേഡിയവും പറവട്ടാനി സ്റ്റേഡിയവും വിട്ടുനൽകണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. എന്നാൽ തൃശൂർ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് വേദിയാകുന്നതിനാൽ ഫുട്ബോൾ മത്സരങ്ങൾക്ക് അനുമതി നൽകാനാകില്ലെന്ന് കോർപറേഷൻ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.

തുടർന്ന് ഗ്രൂപ്പ് ആറിലെ മറ്റ് മത്സരങ്ങൾ തൃശൂരിൽ നടത്തുകയായിരുന്നു.

മത്സരങ്ങൾ തൃശൂരിൽ നടക്കുന്നതിനെക്കുറിച്ച് മന്ത്രിക്കോ എംഎൽഎയ്ക്കോ മേയർക്കോ അറിവുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ വീഴ്ച മാത്രമാണ് അപകടത്തിന് കാരണമെന്നും മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

എന്നാൽ വിദ്യാഭ്യാസ വകുപ്പ് കോർപറേഷനെ ഔദ്യോഗികമായി സമീപിച്ചതിന്റെ രേഖ പുറത്തുവന്നതോടെ മന്ത്രിയുടെ ഈ വാദമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ജനപ്രതിനിധികൾക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന വാദത്തിനും രേഖകൾ തിരിച്ചടിയാകുകയാണ്.

You may also like