Home Keralaമുട്ടിൽ മരംകൊള്ളയിൽ പുനരന്വേഷണം എവിടെ? ഫയൽ കൈമാറാതെ റവന്യൂ വകുപ്പ്, ദുരൂഹത ശക്തം

മുട്ടിൽ മരംകൊള്ളയിൽ പുനരന്വേഷണം എവിടെ? ഫയൽ കൈമാറാതെ റവന്യൂ വകുപ്പ്, ദുരൂഹത ശക്തം

by news_desk1
0 comments

വയനാട്: മുട്ടിൽ മരംകൊള്ള കേസിലെ പുനരന്വേഷണം അനിശ്ചിതത്വത്തിൽ. പുനരന്വേഷണം വേണമെന്ന നിലപാടിൽ സർക്കാരും വനംവകുപ്പും നിൽക്കുമ്പോഴും കേസുമായി ബന്ധപ്പെട്ട ഫയലുകൾ ഇതുവരെ റവന്യൂ വകുപ്പ് കൈമാറിയിട്ടില്ല. ഇതോടെ ഫയൽ നീക്കം നിലച്ചതായും വനംവകുപ്പും റവന്യൂ വകുപ്പും വ്യത്യസ്ത നിലപാടുകളിലാണെന്നുമുള്ള സൂചനകൾ പുറത്തുവരികയാണ്.

2020 ഒക്ടോബർ 24ന് ഉത്തരവിറങ്ങിയതുമുതലുള്ള കേസുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം നിലവിൽ റവന്യൂ വകുപ്പിന്റെ കൈവശമാണ്. ഇവ വനംവകുപ്പിന് കൈമാറേണ്ടതാണെങ്കിലും ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ വനംവകുപ്പിനോ ഫയലുകൾ നൽകിയിട്ടില്ലെന്നാണ് വിവരം.

മരംമുറിക്ക് വഴിവച്ച വിവാദ ഉത്തരവ് ഇറക്കിയത് റവന്യൂ വകുപ്പായിരുന്നു. പുനരന്വേഷണത്തിനായി ഫയലുകൾ കൈമാറാതെ നീക്കം വൈകിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. ഫയലുകൾ ‘കോൾഡ് സ്റ്റോറേജിൽ’ സൂക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന സംശയവും ശക്തമാകുകയാണ്.

വിവാദ ഉത്തരവിന്റെ മറവിൽ ഏകദേശം 14 കോടി രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുകടത്തിയത് 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് 52 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ഇതിൽ 40 കേസുകളിലും അഗസ്റ്റിൻ സഹോദരന്മാരാണ് പ്രതികൾ. മുൻ വനംമന്ത്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.

You may also like