ദില്ലി: വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഒരാൾ ഇറങ്ങിയതിന് പിന്നാലെ രക്ഷിക്കാനായി നാല് വിദ്യാർത്ഥികൾ കൂടി ടാങ്കിനുള്ളിലേക്ക് ഇറങ്ങി; ഒടുവിൽ അഞ്ചുപേരും അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ മഥുരയിലെ റെസിഡൻഷ്യൽ സ്കൂളിലുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ചു. ടാങ്കിനുള്ളിൽ വിഷവാതകം ശ്വസിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൃന്ദാവനിലെ മഹർഷി പാണിനി സംസ്‌കൃത വിദ്യാലയത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ചവരിൽ മധ്യപ്രദേശ് സ്വദേശികളായ മനു കതാറ, ദേവാംശ്, ഉത്തർപ്രദേശ് സ്വദേശികളായ ഋഷഭ് ശർമ്മ, ആര്യൻ ശർമ്മ എന്നിവരാണ് ഉൾപ്പെടുന്നത്.
പകൽ സമയത്തെ പഠനത്തെ ബാധിക്കാതിരിക്കാനാണ് രാത്രിയിൽ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ വിദ്യാർത്ഥികളെ ഇറക്കിയത്. മോട്ടോർ ഉപയോഗിച്ച് ടാങ്കിലെ വെള്ളം പൂർണമായും പമ്പ് ചെയ്ത് നീക്കിയശേഷം മനു കതാറയാണ് ആദ്യം ടാങ്കിനുള്ളിലേക്ക് ഇറങ്ങിയത്. മിനിറ്റുകൾ കഴിഞ്ഞിട്ടും മനു പുറത്തുവരാതായതോടെ മറ്റ് നാല് വിദ്യാർത്ഥികളും ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു.
എന്നാൽ അഞ്ചുപേരും തിരിച്ചെത്താതായതോടെ സ്കൂൾ അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് കോണിയും കയറും ഉപയോഗിച്ച് ഇവരെ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ടാങ്കിനുള്ളിൽ വിഷവാതകം ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിദ്യാർത്ഥികളിലൊരാളുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജർ ആശിഷ് ശർമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മഥുര ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
