Home Internationalഇന്ത്യൻ വംശജയ്ക്ക് സമാധാന നൊബേൽ; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം നേടി നവി പിള്ള

ഇന്ത്യൻ വംശജയ്ക്ക് സമാധാന നൊബേൽ; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം നേടി നവി പിള്ള

by news_desk1
0 comments

ന്യൂയോർക്ക്: ഇന്ത്യൻ വംശജയും ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ അഭിഭാഷകയുമായ നവനീതം ‘നവി’ പിള്ളയ്ക്ക് 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം. സമാധാനത്തിനും അന്താരാഷ്ട്ര നിയമസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നൊബേൽ പുരസ്കാരം. യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവയ്ക്കെതിരെ നിയമനടപടികൾ ഉറപ്പാക്കുന്നതിൽ നടത്തിയ ഇടപെടലുകളും അംഗീകാരത്തിന് കാരണമായി.

ദക്ഷിണാഫ്രിക്കയിൽ മനുഷ്യാവകാശ സംരക്ഷണത്തിനായി ദീർഘകാലം പ്രവർത്തിച്ച നവി പിള്ള അന്താരാഷ്ട്ര നിയമരംഗത്തെ പ്രമുഖ വ്യക്തിത്വമാണ്. വർണവിവേചനത്തിനെതിരായ പോരാട്ടകാലത്ത് നെൽസൺ മണ്ടേലയടക്കമുള്ളവരുടെ അവകാശങ്ങൾക്കായി നിയമപോരാട്ടം നടത്തിയ അവർ പിന്നീട് വിവിധ അന്താരാഷ്ട്ര നീതിന്യായ സ്ഥാപനങ്ങളിൽ നിർണായക ചുമതലകൾ വഹിച്ചു.

റുവാണ്ടൻ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിച്ച അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണലിന്റെ അധ്യക്ഷയായി നവി പിള്ള പ്രവർത്തിച്ചിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളും ബലാത്സംഗവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളായും വംശഹത്യയുമായി ബന്ധപ്പെട്ട കുറ്റങ്ങളായും പരിഗണിക്കപ്പെടുന്നതിൽ അവരുടെ ഇടപെടലുകൾ ശ്രദ്ധേയമായി.

2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവർ സേവനമനുഷ്ഠിച്ചു. ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിൽ ജഡ്ജിയായ ആദ്യ വർണവിവേചനത്തിന് ഇരയായ വിഭാഗങ്ങളിൽപ്പെട്ട വനിതയെന്ന നിലയിലും നവി പിള്ള ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.

ഫലസ്തീനിലെ ഇസ്രയേൽ നടപടികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിച്ച ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷന്റെ അധ്യക്ഷയായും അവർ പ്രവർത്തിച്ചു. മ്യാന്മറിലെ റോഹിങ്ക്യൻ വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലും നവി പിള്ള ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ഇന്ത്യൻ തമിഴ് വംശജരായ കുടുംബത്തിലാണ് നവി പിള്ള ജനിച്ചത്. കരാർ തൊഴിലാളിയായാണ് അവരുടെ മുത്തച്ഛൻ തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാൽ സർവകലാശാലയിൽ നിന്ന് ബിരുദവും നിയമബിരുദവും നേടിയ അവർ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1988ൽ നിയമത്തിൽ ഡോക്ടറേറ്റും നേടി.

മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പതിറ്റാണ്ടുകളായി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് നവി പിള്ളയുടെ നേട്ടം വിലയിരുത്തപ്പെടുന്നത്.

You may also like