Home Top Stories‘എവിടെ തടഞ്ഞാലും സമരം’; ജന്തർ മന്തറിൽ ഇന്നും സിജെപി–ഇടത് പ്രക്ഷോഭം

‘എവിടെ തടഞ്ഞാലും സമരം’; ജന്തർ മന്തറിൽ ഇന്നും സിജെപി–ഇടത് പ്രക്ഷോഭം

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി. രാവിലെ പത്തുമണിക്ക് ജന്തർ മന്തറിലെത്താൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. എസ്എഫ്ഐ, ഐസ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളും ഇന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണിതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ആവശ്യം തള്ളി.

കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഡൽഹിയിൽ ഇന്നും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ എവിടെയാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പൊലീസ് നടപടികളെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കും. തൃണമൂൽ കോൺഗ്രസ് എംപിയും മുതിർന്ന അഭിഭാഷകയുമായ മനേക ഗുരുസ്വാമി നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് അവധിദിവസമായിട്ടും വാദം കേൾക്കുന്നത്.

ഒക്ടോബർ പത്തിന് പ്രതിഷേധം നടത്തുമെന്ന സിജെപിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഇന്നലെ നിരവധി പേരാണ് ജന്തർ മന്തറിലെത്തിയത്. പ്രതിഷേധം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസുകൾക്കും നഗരത്തിലെ മെട്രോ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് സേവനങ്ങളും തടഞ്ഞു. ഇന്നലെ ഏറെ വൈകിയാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചത്.

7,000ത്തിലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോർട്ട്. എന്നാൽ 15,000ത്തോളം പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സിജെപിയുടെ ആരോപണം. സിജെപി നേതാക്കൾക്കു പുറമേ യൂട്യൂബർ ധ്രുവ് റാഠി, പിണറായി വിജയൻ, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, മണിക് സർക്കാർ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കൾ, വിദ്യാർഥി നേതാക്കളായ നേഹ ബോറ, ഐഷി ഘോഷ് എന്നിവരും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു

2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനുശേഷം തലസ്ഥാനത്ത് ഒരു പ്രതിഷേധത്തിന്റെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ചയ്ക്കിടെയുള്ള സന്ദർശനങ്ങൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ തുടരുകയാണ്.

അതേസമയം, പ്രതിഷേധം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. ‘ഈച്ചയെ കൊല്ലാൻ ചുറ്റികയെടുക്കരുത്’ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ട്രെയിനുകളും മെട്രോയും അടച്ചുള്ള നിയന്ത്രണങ്ങളെ സിജെപി ‘അടിയന്തരാവസ്ഥ’യെന്നാണ് വിശേഷിപ്പിച്ചത്.

You may also like