കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ നടപടി കടുപ്പിച്ച് എക്സൈസ്. അപകടസമയത്ത് കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെയാണ് കേസെടുത്തത്. 19 വയസ്സുള്ളവർക്ക് മദ്യം നൽകിയെന്ന കുറ്റത്തിനാണ് നടപടി. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസെടുത്തത്. ബാർ ലൈസൻസ് റദ്ദാക്കുകയോ പിഴ ചുമത്തുകയോ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കും.
അപകടസമയത്ത് കാറിന്റെ വേഗം എത്രയായിരുന്നുവെന്നും ഡ്രൈവർ ബ്രേക്ക് ചവിട്ടിയിരുന്നോയെന്നും കണ്ടെത്താൻ വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോഡർ (ഇഡിആർ) പരിശോധിക്കും. വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിൽനിന്ന് മെക്കാനിക്കുകളെ എത്തിച്ച് ഇഡിആർ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. അപകടത്തിന് തൊട്ടുമുമ്പുള്ള വാഹനത്തിന്റെ വേഗം, ബ്രേക്കിന്റെ ഉപയോഗം, ആക്സിലറേറ്റർ എത്രനേരം അമർത്തിയിരുന്നു തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ ലഭിച്ചേക്കും.
അപകടക്കേസിൽ പ്രതിയായ സുഹൈൽ സജീവ് നിലവിൽ റിമാൻഡിലാണ്. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കാർ അമിതവേഗത്തിലായിരുന്നുവെന്നതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിക്കും.
സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോൾ കാർ അമിതവേഗത്തിലായിരുന്നുവെന്ന് സുഹൈൽ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
