തിരുവനന്തപുരം: ആക്കുളം പി.ആർ.എസ് ലേക്ക്വില്ലേ ഫ്ലാറ്റിലേക്കുള്ള റോഡും സംരക്ഷണഭിത്തിയും 30 മീറ്റർ താഴ്ചയിലേക്ക് ഇടിഞ്ഞുതാണ സംഭവത്തിൽ നിർമാണത്തിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറുടെ റിപ്പോർട്ട്. ആവശ്യമായ മുൻകരുതലുകളില്ലാതെയാണ് ഗുഡ് ഷെപ്പേഡ് സ്കൂൾ അധികൃതർ നിർമാണപ്രവർത്തനങ്ങൾ നടത്തിയതെന്ന് കലക്ടർ കെ.എസ്. അഞ്ജുവിന്റെ റിപ്പോർട്ടിൽ പറയുന്നു. അപകടഭീഷണി കണക്കിലെടുത്ത് ഫ്ലാറ്റിലെ മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു. സ്കൂളിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും നിർദേശമുണ്ട്.
നിർമാണത്തിന് അനുമതി നൽകിയപ്പോൾ നിഷ്കർഷിച്ച വ്യവസ്ഥകൾ പ്രകാരം സംരക്ഷണഭിത്തി നിർമിച്ചിരുന്നില്ലെന്നാണ് വിവിധ വകുപ്പുകളുടെ പരിശോധനയിൽ കണ്ടെത്തിയത്. അനുമതിയുടെ പരിധി ലംഘിച്ചിട്ടുണ്ടോയെന്നും അനുവദിച്ചതിലധികം മണ്ണ് നീക്കിയിട്ടുണ്ടോയെന്നും പരിശോധിച്ച് നിയമനടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു. അപകടാവസ്ഥ പൂർണമായി പരിഹരിക്കുന്നതുവരെ സ്കൂളിലെ മറ്റ് നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം. പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ അടിയന്തര താൽക്കാലിക സുരക്ഷാ നടപടികളും സ്വീകരിക്കണം.
സ്കൂൾ വളപ്പിൽ പുതിയ ബ്ലോക്ക് നിർമിക്കുന്നതിനിടെ ഫ്ലാറ്റിനു മുന്നിലെ റോഡിനോടു ചേർന്ന അതിർത്തിയിലെ മണ്ണ് നീക്കിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ മണ്ണും സംരക്ഷണഭിത്തിയും ഇടിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് റോഡും സംരക്ഷണഭിത്തിയും തകർന്നത്.
അപകടഭീഷണി കണക്കിലെടുത്ത് കലക്ടറുടെ നിർദേശപ്രകാരം ചൊവ്വാഴ്ച രാത്രിയോടെ ഫ്ലാറ്റിലെ മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു. സ്കൂൾ അധികൃതർ അഞ്ച് കേന്ദ്രങ്ങളിലായി 42 കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കി. 28 കുടുംബങ്ങൾ സ്വന്തം നിലയിൽ താമസസൗകര്യം കണ്ടെത്തി. എന്നാൽ, ഒരുക്കിയ താൽക്കാലിക താമസസൗകര്യങ്ങൾ പരിമിതമാണെന്ന് താമസക്കാർ പരാതിപ്പെട്ടു. പ്രശ്നം പരിഹരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
അതിനിടെ, ബുധനാഴ്ച രാവിലെ സ്കൂൾ പരിസരത്തുനിന്ന് മണ്ണ് നീക്കാനുള്ള അധികൃതരുടെ ശ്രമം പ്രതിഷേധത്തിനിടയാക്കി. വില്ലേജ് ഓഫിസറും ജനപ്രതിനിധികളും സ്ഥലത്തെത്തി സ്കൂൾ അധികൃതരുമായി സംസാരിച്ചതിനു പിന്നാലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചു.
നടപടിക്രമങ്ങളും നിർദേശങ്ങളും പാലിച്ചാണ് നിർമാണം നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. തകർന്ന റോഡും സംരക്ഷണഭിത്തിയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം എത്രയും വേഗം പുനർനിർമിക്കുമെന്നും അവർ വ്യക്തമാക്കി.
