ബെർലിൻ: ജർമനിയിലെ ബോഖൂമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. തീപിടിത്തം സാങ്കേതിക തകരാറിനെ തുടർന്നുണ്ടായതല്ലെന്നും ബോധപൂർവം തീയിട്ടതാണെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പുതിയ അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നതിന് മുമ്പാണ് മൂന്ന് യുവാക്കളുടെ ജീവനെടുത്ത ദുരന്തം.
കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (25), ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു (25), കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. ബോഖൂമിലെ ഹോഫ്സ്റ്റെഡ് മേഖലയിലുള്ള പോസ്റ്റ്സ്ട്രാസെയിലെ ബഹുനില താമസക്കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെയായിരുന്നു തീപിടിത്തം.
കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലായിരുന്നു മൂന്ന് പേരും താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പാണ് ഇവർ പുതിയ താമസസ്ഥലത്തേക്ക് മാറിയതെന്നാണ് വിവരം. താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീയിട്ടതാകാമെന്നും തീ പിന്നീട് മുകളിലേക്കുള്ള തടി കോണിപ്പടിയിലേക്ക് പടർന്നതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീയുടെ കനത്ത ചൂടിൽ ഭിത്തിയിലെ കത്തുകൾ ഇടുന്ന പെട്ടികൾ പോലും ഉരുകിയ നിലയിലായിരുന്നു. കെട്ടിടം പൊലീസ് പൂർണമായി സീൽ ചെയ്തിട്ടുണ്ട്.
കൊലപാതകക്കുറ്റം ചുമത്തപ്പെട്ട പ്രതിയെ ഹോമിസൈഡ് വിഭാഗം വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസും പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചു. തീപിടിത്തത്തിൽ പരിക്കേറ്റ അഞ്ചുപേർ ആശുപത്രികളിൽ ചികിത്സയിലാണ്.
മരിച്ച നോവ സാബു വിരമിച്ച സബ് ഇൻസ്പെക്ടർ കെ.പി. സാബുവിന്റെ മകളാണ്. ജൂലൈ മൂന്നിനാണ് നോവ ജർമനിയിലെത്തിയത്. പാർട്ട് ടൈം ജിം പരിശീലകയായി ജോലി ചെയ്തുവരികയായിരുന്നു. ഉപരിപഠനത്തിനായി രണ്ടാഴ്ച മുമ്പാണ് സിവിൻ ജോണി ജർമനിയിലെത്തിയത്. ജോലി ആവശ്യത്തിനായി ജൂലൈയിൽ ജർമനിയിലെത്തിയ അഞ്ജലി ഷീല ജോയ് ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു.
മൂവരുടെയും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് സഹായം തേടി കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ ജർമനിയിലെ ഇന്ത്യൻ അംബാസഡർ അജിത് ഗുപ്തയ്ക്ക് കത്തയച്ചു. നോർക്കയുമായും ഇന്ത്യൻ എംബസിയുമായും സഹകരിച്ച് ആവശ്യമായ നടപടികൾ ആരംഭിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. ജർമനിയിലെ മലയാളി സംഘടനകളും കുടുംബങ്ങൾക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
