Home Keralaതൃശൂരിൽ 79കാരിയുടെ കൊലപാതകം; വാടകവീട്ടിലെ താമസക്കാരൻ കസ്റ്റഡിയിൽ

തൃശൂരിൽ 79കാരിയുടെ കൊലപാതകം; വാടകവീട്ടിലെ താമസക്കാരൻ കസ്റ്റഡിയിൽ

by news_desk1
0 comments

തൃശൂർ: കാറളത്ത് 79കാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ റാഫി പൊലീസ് കസ്റ്റഡിയിൽ. കാറളം സ്വദേശിനി സാവിത്രിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാവിത്രിയുടെ വാടകവീട്ടിൽ താമസിച്ചിരുന്നയാളാണ് റാഫി. ഇയാൾ പ്രവാസി മലയാളിയാണെന്നും പൊലീസ് അറിയിച്ചു.

കാറളം മൃഗാശുപത്രിക്ക് സമീപമുള്ള വീട്ടിൽ സാവിത്രി തനിച്ചുണ്ടായിരുന്ന സമയത്തായിരുന്നു കൊലപാതകം. സാവിത്രിയുടെ ഭർത്താവ് വിജയനും മകനും മരുമകളും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. സ്കൂൾ വിട്ടെത്തിയ ചെറുമകളാണ് സാവിത്രിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്.

സാവിത്രി ധരിച്ചിരുന്ന സാരിയുടെ തലപ്പുകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളുമുണ്ടായിരുന്നു. അഞ്ച് വളകൾ, അഞ്ച് പവന്റെ മാല, സ്വർണമോതിരം എന്നിവയുൾപ്പെടെ ആകെ 16 പവനോളം സ്വർണാഭരണങ്ങൾ കവർന്നതായാണ് വിവരം. വീട്ടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലുമായിരുന്നു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മോഷണം നടത്തുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. തൃശൂർ റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ള റാഫിയെ ചോദ്യം ചെയ്തുവരികയാണ്.

You may also like