സൻആ: യമനിലെ അധികാരകേന്ദ്രത്തിന് നേരെ ഹൂതികളുടെ ആക്രമണം. തെക്കൻ നഗരമായ ഏദനിലെ അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാനമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് സർക്കാർ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് ആശങ്ക വർധിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തതോടെ യമനിലെ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്.
യമൻ മന്ത്രി മുഅമ്മർ അൽ ഇർയാനിയാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്. ഹൂതി വക്താവ് സാമൂഹികമാധ്യമമായ എക്സിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ ആസ്ഥാനത്തിന് നേരെ ഹൂതികൾ ഇത്തരത്തിൽ ആക്രമണം നടത്തുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്. കൊട്ടാരത്തിന് സമീപം ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും പരിസരത്തുനിന്ന് പുക ഉയർന്നതായും പ്രദേശവാസികൾ അറിയിച്ചു.
സൗദി അറേബ്യയുടെ പിന്തുണയുള്ള, അന്താരാഷ്ട്ര അംഗീകാരം നേടിയ യമൻ സർക്കാരിന്റെ പ്രധാന അധികാരകേന്ദ്രമായാണ് അൽ-മാഷിഖ് കൊട്ടാരം കണക്കാക്കപ്പെടുന്നത്. യമനിലെയും സൗദി അറേബ്യയിലെയും വിമാനത്താവളങ്ങൾക്കും എണ്ണ കേന്ദ്രങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് കൊട്ടാരത്തിന് നേരെയുള്ള നീക്കത്തെ യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ-അലിമി വിശേഷിപ്പിച്ചത്. ഇതോടെ ഹൂതികൾക്കെതിരെ തിരിച്ചടി ശക്തമാക്കാനുള്ള നീക്കത്തിലാണ് സർക്കാർ സേന.
ഏദനിലെ മന്ത്രിമാരെല്ലാം പരിക്കുകളില്ലാതെ സുരക്ഷിതരാണെന്ന് യമൻ യുവജനകാര്യ മന്ത്രി നയെഫ് സാലിഹ് അൽ-ബക്രി അറിയിച്ചു. ആക്രമണത്തിന് പിന്നാലെ സർക്കാർ അംഗങ്ങൾ നഗരം വിട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ‘ഡോൺ ഓഫ് യേമൻ’ സൈനിക നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹൂതി താവളങ്ങൾക്ക് നേരെ 1,250 ആക്രമണങ്ങൾ നടത്തിയെന്നാണ് യമൻ സർക്കാർ സേനയുടെ അവകാശവാദം.
ബുധനാഴ്ച സൗദി അറേബ്യയുടെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. കിഴക്കൻ പ്രവിശ്യയിലെ സൗദി അരാംകോ കേന്ദ്രം, റാസ് തനൂറ എണ്ണശുദ്ധീകരണശാല, വിമാനത്താവളം എന്നിവ ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ലക്ഷ്യമിട്ടതായാണ് ഹൂതി വക്താവ് യഹ്യ സരിയ എക്സിലൂടെ അറിയിച്ചത്.
യമനിനെതിരായ സൗദി ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഈ സൈനിക നീക്കമെന്നും സരിയ അവകാശപ്പെട്ടിരുന്നു. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും ഹൂതി ആക്രമണങ്ങളിൽ ഇതുവരെ 17 പേർ മരിച്ചതായും സൗദി സഖ്യം അറിയിച്ചു. പരസ്പര ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ യമനിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
