തിരുവനന്തപുരം: എസ്എംഎ രോഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത മൂന്ന് പേരുടെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും വിഷയത്തിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയോ വാർത്താസമ്മേളനം നടത്തിയ മുൻ മന്ത്രിമാരോ എംബിബിഎസ് ബിരുദധാരികളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്തുവർഷത്തെ കണക്കുകൾ വേറെയും പുറത്തുവരാനുണ്ടെന്ന് മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താസമ്മേളനത്തെ വിമർശിച്ച് മുരളീധരൻ പറഞ്ഞു. മരുന്നിന്റെ ഗുണനിലവാരം തൃപ്തികരമാണെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചിട്ടുണ്ടെന്നും അതിനാൽ നിലവിലെ തീരുമാനം മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്ന് നിർമാതാക്കളായ കമ്പനിയുടെ മേധാവികൾ തന്റെ ഓഫീസിലെത്തിയാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം ആരോഗ്യ സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. തനിക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും മുൻകാലങ്ങളിൽ പാർട്ടി രഹസ്യമായി കൂടിക്കാഴ്ച നടത്തി കച്ചവടം ഉറപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷത്തെ വിമർശിച്ച് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷമാണ് ആശങ്ക സൃഷ്ടിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രി പ്രശ്നങ്ങളെ നിസ്സാരമായി കാണുകയാണെന്നും ചുമതലയേറ്റെടുത്തതുമുതൽ ആരോഗ്യരംഗത്ത് പ്രശ്നങ്ങൾ തുടങ്ങിയെന്നും മുൻ മന്ത്രിമാർ വിമർശിച്ചിരുന്നു. കഴിഞ്ഞ പത്തുവർഷം ആരോഗ്യരംഗം അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചെങ്കിലും പുതിയ മന്ത്രി എല്ലാം ലാഘവത്തോടെയാണ് കാണുന്നതെന്ന് പി.കെ. ശ്രീമതി ആരോപിച്ചു. പല സ്ഥലങ്ങളിലും ഡോക്ടർമാരുടെയും മരുന്നുകളുടെയും കുറവുണ്ടെന്നും നടപടികൾ നീതിബോധത്തോടെ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മന്ത്രിയുടെ പല തീരുമാനങ്ങളും തിരുത്തേണ്ടിവരുന്ന സാഹചര്യമാണെന്നും ശ്രീമതി വിമർശിച്ചു.
