തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികൾക്ക് നൽകിയ മരുന്നിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. രോഗികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നു കരുതിയാണ് മരുന്ന് തിരിച്ചെടുത്തതെന്നും വിദേശ മരുന്ന് കമ്പനികൾ രക്ഷിതാക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കാൻ ഇടപെട്ടെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആരോപണം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി നടത്തിയ മരുന്ന് വാങ്ങലുകളിൽ വിജിലൻസ് അന്വേഷണം നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രോഗികൾക്ക് നൽകിയ മരുന്ന് സുപ്രീം കോടതി പോലും അംഗീകരിച്ചതാണെന്നും വിദഗ്ധർ മരുന്ന് അനുയോജ്യമാണെന്ന് അറിയിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. മരുന്ന് തിരിച്ചെടുത്തില്ലെങ്കിലും പ്രശ്നമൊന്നും ഉണ്ടാകുമായിരുന്നില്ല. എന്നാൽ തെറ്റായ വാർത്തകൾ പ്രചരിച്ചതോടെയാണ് നടപടി സ്വീകരിക്കേണ്ടിവന്നത്. ഡോക്ടർമാർ രോഗികളോടും രക്ഷിതാക്കളോടും സംസാരിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
2024ൽ റോഷ് കമ്പനിയിൽനിന്നാണ് മരുന്ന് വാങ്ങിയത്. കമ്പനിക്ക് ഇപ്പോഴും 50 കോടി രൂപ നൽകാനുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. കണ്ണൂരിലെ ടോറസ് കമ്പനിയിൽനിന്നും മരുന്ന് വാങ്ങിയിട്ടുണ്ട്. ഇത്തരം കമ്പനികൾക്ക് മരുന്ന് നിർമിക്കാനുള്ള നിയമപരമായ അനുമതിയുണ്ടോയെന്ന് പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മരുന്ന് ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കുമെന്നും ഒന്നും ഒഴിവാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
നാറ്റ്കോ കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതായും മന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം 2023–24ൽ ഒരു കോടി രൂപയും 2024–25ൽ 50 ലക്ഷം രൂപയും കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. മാർക്സിസ്റ്റ് പാർട്ടിക്കും സംഭാവന ലഭിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
നാറ്റ്കോ കമ്പനിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. മുൻ സർക്കാരിന്റെ കാലത്ത് എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് കമ്പനിയിൽനിന്ന് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ആശുപത്രി സന്ദർശിച്ചശേഷം കമ്പനി അത് നൽകിയെന്നുമാണ് അദ്ദേഹത്തിന്റെ വാദം. സർക്കാർ മാറിയശേഷം ഫണ്ടിന്റെ സർട്ടിഫിക്കറ്റ് കൈമാറാനാണ് കമ്പനി അധികൃതർ തന്നെ സന്ദർശിച്ചതെന്നും മന്ത്രി പറഞ്ഞു. നിലവിൽ മരുന്ന് ലഭ്യമാക്കുന്നത് നാറ്റ്കോ കമ്പനി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ സർക്കാരുകളുടെ കാലത്തെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളും മന്ത്രി വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. എസ്.എ.ടി. ആശുപത്രിയിൽ അണുബാധയെത്തുടർന്ന് കുട്ടികൾ മരിച്ച സംഭവം, ചിക്കുൻഗുനിയ കാലത്തെ ഉപകരണങ്ങൾ വാങ്ങൽ, ഉപയോഗശൂന്യമായി കിടക്കുന്ന ഉപകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിമർശനമുന്നയിച്ചു. നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നൽകിയ മറുപടിയും മുൻ മന്ത്രിമാർക്കെതിരായ വിമർശനത്തിന്റെ ഭാഗമായി പരാമർശിച്ചു. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും കഴിഞ്ഞ പത്ത് വർഷത്തെ ഇടപാടുകൾ പരിശോധിക്കുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, എസ്എംഎ മരുന്നിൽ ഗുണനിലവാരപ്രശ്നമില്ലെന്നാണ് വിദഗ്ധ സമിതിയിലെ ഡോ. ശങ്കറിന്റെ വിശദീകരണം. സാങ്കേതിക സമിതി പലവട്ടം ചർച്ച നടത്തിയ ശേഷമാണ് മരുന്നിൽ മാറ്റം വരുത്തിയതെന്നും സംസ്ഥാനത്ത് ക്ലിനിക്കൽ പരീക്ഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് നൽകുന്നതിനു മുമ്പ് രോഗികളെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി. മരുന്നിന്റെ ഘടകങ്ങളിലോ അളവിലോ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരുന്നിന്റെ ലേബലിൽ ഉപയോഗിച്ച ‘ഫിസിഷ്യൻ സാമ്പിൾ’, ‘ക്ലിനിക്കൽ ട്രയൽ’ എന്നീ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായതെന്നാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡോക്ടർമാരുടെ വിശദീകരണം.
