തിരുവനന്തപുരം: ഓരോ മാസവും കേരളത്തിൽ ഭീഷണിയുയർത്തുന്ന പകർച്ചവ്യാധികൾ ഏതൊക്കെയാണ്? അവയുടെ ലക്ഷണങ്ങൾ എന്തെല്ലാം, എങ്ങനെയാണ് പകരുന്നത്, പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം? രോഗവ്യാപനവും മരണങ്ങളും തടയാൻ ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് ആദ്യമായി പകർച്ചവ്യാധി പ്രതിരോധ കലണ്ടർ തയ്യാറാക്കി.
ഓരോ മാസവും സംസ്ഥാനത്ത് പ്രസക്തമായ രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, പകരുന്ന രീതികൾ, വ്യക്തികളും സമൂഹവും സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ എന്നിവയാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയും സമയബന്ധിതമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനവും മരണങ്ങളും കുറയ്ക്കുകയുമാണ് ലക്ഷ്യം.
പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് രൂപീകരിച്ച ഉന്നതാധികാര സമിതിയിലെ വിദഗ്ധരാണ് കലണ്ടർ തയ്യാറാക്കിയത്. കലണ്ടറിലെ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
