കോഴിക്കോട്: നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കിയ അന്വേഷണത്തിൽ അച്ഛനും അമ്മയും അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ പെരുവയൽ സ്വദേശികളായ ഷിജിനും ഭാര്യ അഞ്ജനയുമാണ് പിടിയിലായത്. കുഞ്ഞ് മരിച്ച് ഒരു വർഷത്തോളം പിന്നിട്ട ശേഷമാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
2025 സെപ്റ്റംബർ 30നാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞ് വിളിച്ചിട്ടും ഉണരുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞാണ് ഷിജിനും അഞ്ജനയും കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ ചികിത്സയിലിരിക്കെ കുഞ്ഞിന്റെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, മരണത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനിടെ ഷിജിൻ കുഞ്ഞിനെ നിരന്തരം മർദിച്ചിരുന്നതായി അഞ്ജന മൊഴി നൽകിയെന്നാണ് വിവരം. മദ്യപിച്ചെത്തുന്ന ഷിജിൻ പതിവായി കുഞ്ഞിനെ മർദിക്കുമായിരുന്നുവെന്നാണ് മൊഴിയിലുള്ളത്. ഷിജിന്റെ മർദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കുഞ്ഞിനെ മർദിച്ചെന്ന കുറ്റം ഷിജിനെതിരെയും മർദനവിവരം മറച്ചുവെച്ചെന്ന കുറ്റം അഞ്ജനയ്ക്കെതിരെയുമാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
