Home Kerala‘ചോദ്യം ചെയ്യാൻ വരേണ്ടെന്ന് ജഡ്ജി പറഞ്ഞു’; ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം

‘ചോദ്യം ചെയ്യാൻ വരേണ്ടെന്ന് ജഡ്ജി പറഞ്ഞു’; ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം

by news_desk1
0 comments

കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ ജയ ബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധമൂലം മരണത്തിനിടയാക്കിയതിനുമാണ് ഭാരതീയ ന്യായ സംഹിതയിലെ 281, 106(1) വകുപ്പുകൾ പ്രകാരം കേസെടുത്തത്. അതേസമയം, പ്രായപൂർത്തിയാകാത്ത ഡ്രൈവറുടെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ മരിച്ചയാളുടെ ബന്ധുക്കൾ രംഗത്തെത്തി.

ലൈസൻസില്ലാത്ത മകനെ എന്തിനാണ് വാഹനം ഓടിക്കാൻ അനുവദിച്ചതെന്ന് ചോദിച്ചപ്പോൾ, “ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ട” എന്ന് ജഡ്ജി പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. കേസുമായി മുന്നോട്ടുപോകുമെന്നും ബന്ധു ജയലക്ഷ്മി വ്യക്തമാക്കി.

പുലർച്ചെ 2.20നായിരുന്നു അപകടം. 55 വയസ്സുകാരനായ ജയ ബാലകൃഷ്ണൻ കച്ചവടം കഴിഞ്ഞ് തട്ടുകട അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിൽനിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. KL 46 F 0333 നമ്പറിലുള്ള ബെൻസ് കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നും അപകടത്തിനുശേഷം നിർത്താതെ പോകാൻ 17കാരൻ ശ്രമിച്ചെന്നും കുടുംബം ആരോപിച്ചു. മറ്റു വഴികളില്ലാത്തതിനാലാണ് വാഹനം അവിടെ നിർത്തേണ്ടിവന്നതെന്നും ബന്ധുക്കൾ പറയുന്നു.

പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തുമോയെന്ന കാര്യം പരിശോധിക്കുമെന്ന് ചേരാനല്ലൂർ സി.ഐ. ശ്യാംകുമാർ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കും. പ്രതി മദ്യപിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മറ്റേതെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിക്കുശേഷമായിരിക്കും പ്രതിയെ കോടതിയിൽ ഹാജരാക്കുകയെന്നും പൊലീസ് വ്യക്തമാക്കി.

You may also like