Home Internationalഇറാനെതിരെ ഉടൻ ആക്രമണമുണ്ടായേക്കും; സൈനിക നടപടിക്കും സമാധാന കരാറിനും സാധ്യതയെന്ന് ട്രംപ്

ഇറാനെതിരെ ഉടൻ ആക്രമണമുണ്ടായേക്കും; സൈനിക നടപടിക്കും സമാധാന കരാറിനും സാധ്യതയെന്ന് ട്രംപ്

by news_desk1
0 comments

വാഷിങ്ടൺ: ഇറാനെതിരെ ഉടൻ വീണ്ടും സൈനികാക്രമണം നടത്തിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയം, സമാധാന കരാറിലെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ അണുബോംബ് നിർമിക്കുന്നത് തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തോയെന്ന ചോദ്യത്തിന്, ആക്രമണം നാളെതന്നെ ഉണ്ടായേക്കാമെന്നും അതേസമയം വലിയൊരു കരാറിലെത്താനും സാധ്യതയുണ്ടെന്നും ട്രംപ് പ്രതികരിച്ചു.

വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന റാലിയിലും ഇറാനെതിരെ ‘എപ്പിക് ഫ്യൂറി’ എന്ന പേരിൽ പുതിയ സൈനിക നീക്കം നടത്താൻ സാധ്യതയുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫിലെ സമുദ്രാന്തര ആശയവിനിമയ കേബിളുകൾ തകർക്കാൻ ഇറാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു ഇത്.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കും നേതാക്കളുടെ ഓഫീസുകൾക്കും നേരെ വ്യോമാക്രമണം ആരംഭിച്ചിരുന്നു. അന്നത്തെ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടു. ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്ക വൻ വിജയം നേടിയെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാന്റെ യുദ്ധവിമാനങ്ങളും 259 കപ്പലുകളും തകർത്തതായും പറഞ്ഞു. ഇറാൻ കടുത്ത പണപ്പെരുപ്പം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാറിൽ ഒപ്പിട്ടശേഷം ഇറാൻ വ്യവസ്ഥകൾ പാലിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഇറാൻ അണുബോംബ് നിർമിക്കുന്നത് തടയുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു.

അതിനിടെ, അമേരിക്കയുടെ നാവിക ഉപരോധം നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ പാകിസ്ഥാൻ മധ്യസ്ഥർ വഴി ഇറാൻ നിർദേശം മുന്നോട്ടുവച്ചെന്ന റിപ്പോർട്ടുകൾ ടെഹ്‌റാൻ നിഷേധിച്ചു. റിപ്പോർട്ടുകൾ വ്യാജമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള തസ്നിം വാർത്താ ഏജൻസി വ്യക്തമാക്കി.

You may also like