കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, വിജിലൻസ് അന്വേഷണ നടപടികൾ നാലാഴ്ചത്തേക്ക് തടഞ്ഞു. വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി.) നോട്ടീസ് അയയ്ക്കാനും നിർദേശിച്ചു.
സിംഗിൾ ബെഞ്ച് വിധിയിൽ നിയമപരമായ പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, അവ പിന്നീട് വിശദമായി പരിഗണിക്കുമെന്ന് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്വേഷണത്തിൽ തുടർനടപടികൾ പാടില്ലെന്നും കോടതി നിർദേശിച്ചു.
പിണറായി വിജയന്റെ അപ്പീൽ ഉൾപ്പെടെയുള്ള ഹർജികളിൽ നാലുമണിക്കൂറിലധികം വാദം കേട്ട ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. നാലാഴ്ചയ്ക്കകം ഇ.ഡിയും വിജിലൻസും മറുപടി നൽകണം. തുടർന്ന് കേസ് വീണ്ടും പരിഗണിച്ച് വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.
