തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ പിണറായി വിജയനെതിരായ അന്വേഷണം തുടരാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നിയമോപദേശം. ഹൈക്കോടതി വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കിയിട്ടില്ലെന്നും അന്വേഷണ നടപടികൾ മാത്രമാണ് താൽക്കാലികമായി തടഞ്ഞതെന്നുമാണ് നിയമോപദേശത്തിലെ വിലയിരുത്തൽ. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതിനു പിന്നാലെയാണ് ഇ.ഡി. നിയമോപദേശം തേടിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഉടൻ പുതിയ സമൻസ് നൽകാനും ഇ.ഡി. ഒരുങ്ങുന്നതായാണ് വിവരം.
സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറത്തുവന്നിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയും നാല് അപ്പീലുകൾ ഫയലിൽ സ്വീകരിക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം അപ്പീലുകൾ പരിഗണിച്ചായിരുന്നു നടപടി.
ഇ.ഡി., വിജിലൻസ്, കെ.എം. ഷാജഹാൻ എന്നിവർ നാലാഴ്ചയ്ക്കകം അപ്പീലുകളിൽ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണം ഉൾപ്പെടെയുള്ള തുടർനടപടികൾ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടോ, മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ടോ, നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കെ.എം. ഷാജഹാനോട് കോടതി ചോദിക്കുകയും ചെയ്തു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് അംഗീകരിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനാൽ അന്വേഷണത്തിൽ ഇടപെടരുതെന്ന നിലപാടും സർക്കാർ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.
ഇ.ഡി. തന്റെ തോളിൽ കയറുകയാണെന്നും എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിലെ തുടർനടപടികൾ തടഞ്ഞതോടെ ഇ.ഡി. അന്വേഷണത്തിന് നിലനിൽപ്പില്ലാതായെന്നും പിണറായി വിജയൻ നേരത്തേ ആരോപിച്ചിരുന്നു. കെ.എം. ഷാജഹാന് രാഷ്ട്രീയ അജണ്ടയുണ്ടെന്നും സിംഗിൾ ബെഞ്ച് ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനെപ്പോലെയാണ് പ്രവർത്തിച്ചതെന്നും ടി. വീണയും മന്ത്രി മുഹമ്മദ് റിയാസും കോടതിയിൽ വാദിച്ചിരുന്നു.
സിംഗിൾ ബെഞ്ചിന്റെ വിധിയിലെ നിയമപ്രശ്നങ്ങളിൽ ഹൈക്കോടതി നവംബർ 25ന് വിശദമായ വാദം കേൾക്കും. ഇടക്കാല ഉത്തരവിന് പിന്നാലെ പ്രതികരിച്ച പിണറായി വിജയൻ, രാജ്യത്തെ നിയമവ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്ന ഉറച്ച പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് ആ വിശ്വാസത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
