തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിൽ 1,250 ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം. അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 നവംബർ 25 ആണ്.
അപേക്ഷിക്കുന്നവർ അവസാന തീയതിയായ നവംബർ 25നകം ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. അവസാനവർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല. വിദ്യാഭ്യാസ യോഗ്യതയ്ക്കു പുറമേ നിശ്ചിത പ്രായപരിധിയും മെഡിക്കൽ യോഗ്യതയും പാലിക്കണം.
2027 ജനുവരി ഒന്നിന് അടിസ്ഥാനമാക്കി പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 20 മുതൽ 33 വയസ്സുവരെയാണ് പ്രായപരിധി. ഒബിസി നോൺ ക്രീമി ലെയർ വിഭാഗക്കാർക്ക് മൂന്ന് വർഷവും പട്ടികജാതി–പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
ഏഴാം ശമ്പള കമ്മിഷൻ പ്രകാരം സ്റ്റേഷൻ മാസ്റ്റർ തസ്തികയുടെ പ്രാരംഭ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. റെയിൽവേ നിയമങ്ങൾ അനുസരിച്ചുള്ള അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
മെഡിക്കൽ യോഗ്യത നിർബന്ധം
സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എ-2 മെഡിക്കൽ സ്റ്റാൻഡേർഡ് പാലിക്കണം. കാഴ്ചശക്തി സംബന്ധിച്ച കർശനമായ മാനദണ്ഡങ്ങളും ബാധകമാണ്. കണ്ണടയില്ലാതെ ദൂരക്കാഴ്ച 6/9, 6/9 എന്ന നിലവാരത്തിലായിരിക്കണം. സമീപക്കാഴ്ചയുടെ നിലവാരം സ്നെല്ലൻ ചാർട്ട് അടിസ്ഥാനത്തിൽ 0.6, 0.6 ആയിരിക്കണം. കളർ വിഷൻ, ബൈനോക്കുലർ വിഷൻ, നൈറ്റ് വിഷൻ തുടങ്ങിയ പരിശോധനകളിലും യോഗ്യത നേടണം.
എങ്ങനെ അപേക്ഷിക്കാം?
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക അപേക്ഷാ പോർട്ടലായ rrbapply.gov.in സന്ദർശിച്ച് സ്റ്റേഷൻ മാസ്റ്റർ റിക്രൂട്ട്മെന്റ് 2026 വിജ്ഞാപനം കണ്ടെത്തുക. നിർദേശങ്ങൾ വായിച്ചശേഷം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം. വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും രേഖപ്പെടുത്തി ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക. ബാധകമായ അപേക്ഷാ ഫീസ് അടച്ചശേഷം അപേക്ഷ സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സൂക്ഷിക്കാനും ശ്രദ്ധിക്കണം.
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ ഒഴിവുകൾ, പ്രായപരിധി, മെഡിക്കൽ മാനദണ്ഡങ്ങൾ, ഫീസ്, തിരഞ്ഞെടുപ്പ് നടപടികൾ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തണം.
വിജ്ഞാപനം: https://rrb.indianrailways.gov.in/-/image/1793016771817CEN_08_2026_StationMaster.pdf/examsDocuments.
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്
https://www.rrbapply.gov.in/#/auth/landing
