തിരുവനന്തപുരം: കിഫ്ബി ഇടപാടുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഭൂമി ഏറ്റെടുക്കലും അനധികൃത നിയമനങ്ങളും ഉൾപ്പെടെ സുധാ പിള്ളയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. മന്ത്രിസഭായോഗം എംഎൽഎമാരുടെ ആനുകൂല്യങ്ങൾ 70,000 രൂപയിൽനിന്ന് 98,000 രൂപയായി ഉയർത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച ബിൽ മന്ത്രിസഭ അംഗീകരിച്ചു. മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.8 ലക്ഷം രൂപയിൽനിന്ന് 1.33 ലക്ഷം രൂപയാക്കാനും തീരുമാനമായി.
നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകും. ഇളയ മകൾ അഖിലയുടെ തുടർപഠനത്തിന് പ്രത്യേക ധനസഹായവും അനുവദിക്കും. പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭവനപദ്ധതിക്കും ഭരണാനുമതി നൽകി. പട്ടികജാതി, മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഭവനസഹായം നാലു ലക്ഷത്തിൽനിന്ന് ആറു ലക്ഷമായും പട്ടികവർഗ വിഭാഗത്തിന്റേത് ആറു ലക്ഷത്തിൽനിന്ന് എട്ടു ലക്ഷമായും ഉയർത്തും.
2026 ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശ കെ. വിനോദിന് സർക്കാർ ജോലി നൽകാനും തീരുമാനിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ പട്ടാരിയ, ശാലിയ വിഭാഗങ്ങളെ ഉൾപ്പെടുത്തും. പൊലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 എസ്ഐ തസ്തികകളിൽ 48 ഒഴിവുകൾ സ്ഥിരം ഒഴിവുകളായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് കോൺസ്റ്റബിൾ നിയമനത്തിലെ പുരുഷ–വനിതാ അനുപാതം 9:1ൽനിന്ന് 7:3 ആക്കാനും മന്ത്രിസഭ തീരുമാനിച്ചു.
