Home Nationalഅർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി, 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും

അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി, 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും

by news_desk1
0 comments

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ നാശം വിതച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതോടെ ആശങ്കയ്ക്ക് നേരിയ ആശ്വാസം. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ, സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ ജാഗ്രത കൈവിടരുത്.

ആന്ധ്രാ തീരത്ത് നിലകൊള്ളുന്ന ന്യൂനമർദത്തിന്റെ വേഗം മണിക്കൂറിൽ ഏഴ് കിലോമീറ്ററായി കുറഞ്ഞു. കൊണസീമ, കിഴക്കൻ ഗോദാവരി, എൻടിആർ, ഗുണ്ടൂർ, ശ്രീകാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്നു മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വിശാഖപട്ടണത്താണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 മണിക്കൂറിനിടെ ഇവിടെ 21 സെന്റിമീറ്റർ മഴ പെയ്തു.

ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങൾ വരുത്തിയതിനു പിന്നാലെ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കേന്ദ്രസഹായം തേടി. ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച അദ്ദേഹം വിവിധ ജില്ലകളിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. 70,000 ഹെക്ടറിലധികം കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായെന്നും 10,500 ഹെക്ടറിലെ തോട്ടവിളകൾക്ക് വലിയ നാശനഷ്ടമുണ്ടായെന്നും അറിയിച്ചു. വീടുകൾ, റോഡുകൾ, വൈദ്യുതിത്തൂണുകൾ എന്നിവയ്ക്കും വ്യാപകമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നാശനഷ്ടങ്ങളുടെ പ്രാഥമിക റിപ്പോർട്ടുകൾ കേന്ദ്രത്തിന് കൈമാറുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്രസംഘത്തെ ഉടൻ അയയ്ക്കണമെന്നും രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അടിയന്തര ധനസഹായം അഭ്യർഥിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച ഉച്ചയോടെ കൊണസീമ, പശ്ചിമ ഗോദാവരി ജില്ലകൾ മുഖ്യമന്ത്രി സന്ദർശിക്കും.

ദുരിതബാധിതർക്കായി പ്രത്യേക സഹായപദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു. വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്ക് 25 കിലോ അരി നൽകും. നെയ്ത്തുകാർക്കും മത്സ്യത്തൊഴിലാളികൾക്കും 50 കിലോ അരിക്കൊപ്പം ഒരു കിലോ വീതം സവാള, പാചക എണ്ണ, പരിപ്പ് എന്നിവയും ലഭിക്കും. ഇവർക്ക് ഒരാൾക്ക് 1,000 രൂപ വീതം സാമ്പത്തിക സഹായവും നൽകും. ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

You may also like