Home Techonologyഒരു ‘ഹായ്’ പറഞ്ഞാൽ മറുപടി വരാൻ രണ്ടു ദിവസം! ചരിത്ര ദൂരത്തിലേക്ക് വോയേജർ 1

ഒരു ‘ഹായ്’ പറഞ്ഞാൽ മറുപടി വരാൻ രണ്ടു ദിവസം! ചരിത്ര ദൂരത്തിലേക്ക് വോയേജർ 1

by news_desk
0 comments

മനുഷ്യ ചരിത്രത്തിൽ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ അത്ഭുതമായ നാസയുടെ വോയേജർ 1 (Voyager 1) പേടകം അവിശ്വസനീയമായ മറ്റൊരു ചരിത്ര നാഴികക്കല്ല് കൂടി പിന്നിടാനൊരുങ്ങുന്നു. ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായ വോയേജർ 1, 2026 നവംബർ 18-ഓടെ സൂര്യനിൽ നിന്ന് ഒരു ‘പ്രകാശദിനം’ (One Light-Day) അകലെയെന്ന ചരിത്രപരമായ നേട്ടത്തിലെത്തും.

സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശരശ്മിക്ക് സൂര്യനിൽ നിന്ന് ഭൂമിയിലെത്താൻ വെറും 8 മിനിറ്റും 20 സെക്കൻഡും മാത്രം മതിയെന്നിരിക്കെ, അതേ പ്രകാശത്തിന് വോയേജർ 1-ൽ തൊടാൻ ഇനി 24 മണിക്കൂർ തികച്ചും സഞ്ചരിക്കേണ്ടി വരും. അതായത് സൂര്യനിൽ നിന്നും ഏകദേശം 2590 കോടി കിലോമീറ്റർ (25.9 ബില്യൺ കി.മീ) അകലെയാണ് നിലവിൽ ഈ പേടകമുള്ളത്. ഇതോടെ ഭൂമിയിൽ നിന്ന് നാസ അയക്കുന്ന ഒരു റേഡിയോ സന്ദേശം പേടകത്തിലെത്താൻ 24 മണിക്കൂറിലേറെ സമയമെടുക്കും. അവിടെ നിന്നുള്ള മറുപടി തിരികെ ഭൂമിയിലെത്താൻ വീണ്ടും 24 മണിക്കൂർ കൂടി വേണം. ചുരുക്കത്തിൽ പേടകത്തോട് ഒരു ‘ഹലോ’ ചോദിച്ചാൽ തിരികെ മറുപടി കിട്ടാൻ രണ്ട് ദിവസം കാത്തിരിക്കേണ്ട അപൂർവ്വ സാഹചര്യമാണിത്!

1977 സെപ്റ്റംബർ 5-ന് നാസ വിക്ഷേപിച്ച വോയേജർ 1, കഴിഞ്ഞ 49 വർഷമായി നക്ഷത്രാന്തര ബഹിരാകാശത്ത് (Interstellar Space) ഏകാന്ത യാത്ര തുടരുകയാണ്. വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനായി പുറപ്പെട്ട പേടകം നിശ്ചിത ദൗത്യ കാലാവധിയും കഴിഞ്ഞ് സൗരയൂഥത്തിന്റെ അതിരുകൾ ഭേദിച്ച് കുതിക്കുകയാണ്. ഉപകരണങ്ങളുടെ ഊർജ്ജം പരിമിതമായിട്ടും, പലവിധ സാങ്കേതിക തകരാറുകൾ അതിജീവിച്ചും അരനൂറ്റാണ്ടിലേക്ക് അടുക്കുന്ന ഈ വയോധിക പേടകം ഇന്നും ആഴമേറിയ ശൂന്യാകാശത്ത് നിന്ന് ശാസ്ത്രലോകത്തിന് അമൂല്യവിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കുന്നത് ശാസ്ത്ര ലോകത്തിന് വലിയ അഭിമാനമായി മാറുന്നു.

You may also like