Home Top Storiesഇതും മന്ത്രിയറിയാതെ! സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് വീണ്ടും അനുമതി; എക്‌സൈസ് കമ്മീഷണറുടെ നടപടിയിൽ കടുത്ത അതൃപ്തി വ്യക്തമാക്കി മന്ത്രി എം. ലിജു

ഇതും മന്ത്രിയറിയാതെ! സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് വീണ്ടും അനുമതി; എക്‌സൈസ് കമ്മീഷണറുടെ നടപടിയിൽ കടുത്ത അതൃപ്തി വ്യക്തമാക്കി മന്ത്രി എം. ലിജു

by news_desk
0 comments

കൊച്ചി: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് സർക്കാരിനെയും വകുപ്പ് മന്ത്രിയെയും ഇരുട്ടിൽ നിർത്തി സംസ്ഥാനത്ത് വീണ്ടും പുതിയ ബാറുകൾക്ക് അനുമതി നൽകിയതായി വെളിപ്പെടുത്തൽ. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ പ്രവർത്തിക്കുന്ന രണ്ട് ബാറുകൾക്കാണ് എക്‌സൈസ് കമ്മീഷണർ സാംബശിവ റാവു നേരിട്ട് ഉത്തരവിലൂടെ ലൈസൻസ് അനുവദിച്ചത്. അപേക്ഷ ലഭിച്ച വിവരമോ തുടർന്നുള്ള നടപടികളോ സർക്കാരിനെയോ മന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെയാണ് എക്‌സൈസ് കമ്മീഷണർ അനുമതി നൽകിയത്.

ഓരോ മിനിറ്റ് ഇടവേളയിൽ അനുവദിച്ച ഈ രണ്ട് ലൈസൻസുകളുടെയും രേഖകൾ, സസ്‌പെൻഷനിലായ കോട്ടയം, എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച ഹർജിയിലൂടെയാണ് പുറത്തുവന്നത്. സർക്കാരിലെ ഉന്നതരിൽ നിന്ന് വിവരങ്ങൾ മറച്ചുവെച്ച് ലൈസൻസ് അനുവദിക്കുന്ന സംഭവങ്ങൾ വകുപ്പിൽ ആവർത്തിക്കുന്നത് കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ഇതിന് മുൻപും മൂവാറ്റുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ അപേക്ഷ നൽകി ദിവസങ്ങൾക്കുള്ളിൽ മന്ത്രിയറിയാതെ ലൈസൻസ് അനുവദിച്ചത് വൻ വിവാദമായിരുന്നു.

തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങളിലും, നയപരമായ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ കൂടിയാലോചന നടത്താത്തതിലും എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന് എക്‌സൈസ് കമ്മീഷണറോട് കടുത്ത എതിർപ്പാണുള്ളത്. ലൈസൻസ് അനുവദിച്ച നടപടികൾക്ക് പിന്നിൽ വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടോയെന്ന സംശയവും ശക്തമായിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലെ ഈ അനാസ്ഥ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വടംവലികൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

You may also like