Home Education/Careerറെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററാകാം; 1,265 ഒഴിവുകൾ, തിരുവനന്തപുരത്ത് 114 അവസരം, അപേക്ഷ നവംബർ 25 വരെ

റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററാകാം; 1,265 ഒഴിവുകൾ, തിരുവനന്തപുരത്ത് 114 അവസരം, അപേക്ഷ നവംബർ 25 വരെ

by news_desk1
0 comments

തിരുവനന്തപുരം: റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാൻ അവസരം. വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾക്കു കീഴിലായി ആകെ 1,265 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന് കീഴിൽ 114 ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. നവംബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളമായി 35,400 രൂപ ലഭിക്കും. ഇതിനു പുറമെ ക്ഷാമബത്ത, വീട്ടുവാടക ബത്ത, ചികിത്സാ സഹായം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി. നോൺ ക്രീമിലെയർ, ഇ.ഡബ്ല്യു.എസ്., വിമുക്തഭടന്മാർ തുടങ്ങിയ വിഭാഗങ്ങൾക്ക് നിശ്ചിത ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷകർക്ക് 20 മുതൽ 33 വയസ്സുവരെയാണ് പ്രായപരിധി. 2027 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അഞ്ചു വർഷവും ഒ.ബി.സി. നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്തഭടന്മാർക്കും മറ്റ് അർഹവിഭാഗങ്ങൾക്കും ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ ശേഷം പുനർവിവാഹം ചെയ്യാത്തവർക്കും 35 വയസ്സുവരെ അപേക്ഷിക്കാം. ഫലം കാത്തിരിക്കുന്നവരെ പരിഗണിക്കില്ല. ശാരീരികവും മെഡിക്കൽപരവുമായ യോഗ്യതകളും നിർബന്ധമാണ്.

അപേക്ഷാ ഫീസ് 500 രൂപയാണ്. വനിതകൾ, ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് 250 രൂപ നൽകിയാൽ മതി. ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യു.പി.ഐ. എന്നിവ വഴി ഫീസ് അടയ്ക്കാം. നവംബർ 27 വരെ ഫീസ് അടയ്ക്കാൻ അവസരമുണ്ട്.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റുകളുടെയും മറ്റ് രേഖകളുടെയും പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും: http://rrb.indianrailways.gov.in

You may also like