Home Kerala“സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു”; മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെതിരെ പരാതിയുമായി ജോയിന്റ് കമ്മിഷണർ

“സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു”; മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെതിരെ പരാതിയുമായി ജോയിന്റ് കമ്മിഷണർ

by news_desk1
0 comments

തിരുവനന്തപുരം: മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെതിരെ സർക്കാരിന് പരാതി നൽകി എക്സൈസ് മധ്യമേഖല ജോയിന്റ് കമ്മിഷണർ എസ്. വിനോദ് കുമാർ. കമ്മിഷണർ സ്ഥാനത്തുനിന്ന് മാറുന്നതിന് മുൻപ് സാംബശിവറാവു സർക്കാരിന് നൽകിയ റിപ്പോർട്ടിലെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെ സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ കൈമാറിയെന്നുമാണ് വിനോദ് കുമാറിന്റെ പരാതി.

ബാറുടമയിൽനിന്ന് വിനോദ് കുമാർ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും സാംബശിവറാവു റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് വിനോദ് കുമാർ പരാതിയിൽ വ്യക്തമാക്കുന്നു.

ആലപ്പുഴയിലെ ഗംഗ ബാർ ഉടമയിൽനിന്ന് 50,000 രൂപ വാങ്ങിയെന്ന റിപ്പോർട്ടിലെ പരാമർശം അടിസ്ഥാനരഹിതമാണെന്നാണ് വിനോദ് കുമാറിന്റെ വാദം. മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന ഗംഗ ഹോട്ടലിന് 2026 ജൂൺ 24നാണ് അന്നത്തെ എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ എഫ്.എൽ.3 ഇ-77 ലൈസൻസ് അനുവദിച്ചത്. ആ സമയത്ത് താൻ എക്സൈസ് കമ്മിഷണറുടെ ഓഫീസിൽ എ.പി.സി വിഭാഗം ജോയിന്റ് കമ്മിഷണറായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇൻഫോർമർ എന്ന് വിശേഷിപ്പിക്കുന്ന ആരോ ഒരാൾ നൽകിയ കേട്ടുകേൾവി യാതൊരു പരിശോധനയും കൂടാതെ അതേപടി റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് വിനോദ് കുമാറിന്റെ ആരോപണം. പ്രാഥമിക അന്വേഷണം പോലും നടത്താതെ ഇത്തരമൊരു റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്നും പരാതിയിൽ പറയുന്നു. സാംബശിവറാവു ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നായി നിഷേധിച്ചാണ് വിനോദ് കുമാർ സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

2004ൽ നേരിട്ടുള്ള നിയമനം വഴി എക്സൈസ് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ നടത്തിയതിന്റെ വൈരാഗ്യമാണ് വകുപ്പിലെ ഒരു വിഭാഗത്തിന് തന്നോടുള്ളതെന്നും വിനോദ് കുമാർ പരാതിയിൽ ആരോപിക്കുന്നു.

You may also like