Home Nationalബെംഗളൂരു കൂട്ടക്കൊലയിൽ അച്ഛനൊപ്പം മകളും? 17കാരിയെ മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യാൻ നീക്കം

ബെംഗളൂരു കൂട്ടക്കൊലയിൽ അച്ഛനൊപ്പം മകളും? 17കാരിയെ മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യാൻ നീക്കം

by news_desk1
0 comments

ബെംഗളൂരു: ഭാര്യയുൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ സഹായിച്ചെന്ന ആരോപണം നേരിടുന്ന 17കാരിയായ മകളെ മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യാൻ നീക്കം. കൊലപാതകം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളിൽ 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ മുതിർന്നവരായി വിചാരണ ചെയ്യാൻ അനുവദിക്കുന്ന ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 15-ാം വകുപ്പ് പ്രകാരമാണ് നടപടി. ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകിയാൽ പെൺകുട്ടിക്കും മുതിർന്ന വ്യക്തിയെപ്പോലെ വിചാരണ നേരിടേണ്ടിവരും.

ടാക്സി ഡ്രൈവറും ക്രൈം മാസികയുടെ നടത്തിപ്പുകാരനുമായ ഇന്ദുശേഖറാണ് കുടുംബവഴക്കിനെത്തുടർന്ന് ഏഴ് പേരെ കൊലപ്പെടുത്തിയത്. ഒക്ടോബർ 16നും 31നും ഇടയിലായിരുന്നു കൊലപാതകങ്ങൾ. ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, അവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ ഏഴുവയസ്സുകാരനായ മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.

സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും കുടുംബത്തിൽ തർക്കങ്ങളുണ്ടാകുമ്പോൾ വീട്ടുകാർ സുനിതയെ പിന്തുണയ്ക്കുന്നതുമാണ് ഇന്ദുശേഖറിന് വൈരാഗ്യമുണ്ടാക്കിയതെന്നാണ് വിവരം. കൊലപാതകങ്ങളിൽ മകൾക്കും പങ്കുണ്ടെന്ന സംശയത്തെത്തുടർന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.

സ്വകാര്യ കോളജിൽ വിദ്യാർഥിനിയായ പെൺകുട്ടിയെ നവംബർ അഞ്ചിന് ഇന്ദുശേഖറിനൊപ്പം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിനായി വീട്ടിലേക്ക് വിളിച്ചുവരുത്താനും കൊലപാതകങ്ങൾ മറച്ചുവയ്ക്കാനും മൃതദേഹങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റി മറവുചെയ്യാനും മകൾ സഹായിച്ചിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇന്ദുശേഖർ മകളെ തെറ്റിദ്ധരിപ്പിച്ചാണോ കുറ്റകൃത്യങ്ങളിൽ പങ്കാളിയാക്കിയതെന്നും അന്വേഷിക്കുന്നുണ്ട്.

പൊലീസ് എഫ്.ഐ.ആറിൽ നിലവിൽ പെൺകുട്ടിയെ ‘നിയമവുമായി സംഘർഷത്തിലുള്ള പ്രായപൂർത്തിയാകാത്ത വ്യക്തി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശാരീരികവും മാനസികവുമായ പ്രാപ്തി പെൺകുട്ടിക്കുണ്ടായിരുന്നോയെന്നും കുറ്റകൃത്യങ്ങളുടെ പ്രത്യാഘാതങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കാൻ കഴിയുമായിരുന്നോയെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിശോധിക്കും.

മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാകും പെൺകുട്ടിയെ മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യണമോയെന്ന് ബോർഡ് തീരുമാനിക്കുക.

You may also like