Home Nationalകർണാടകയിൽ മദ്റസ വിദ്യാഭ്യാസ പദ്ധതി നിർത്തലാക്കി; വഴിയാധാരമായി 5,000 വിദ്യാർഥികളുടെ ഭാവി

കർണാടകയിൽ മദ്റസ വിദ്യാഭ്യാസ പദ്ധതി നിർത്തലാക്കി; വഴിയാധാരമായി 5,000 വിദ്യാർഥികളുടെ ഭാവി

by news_desk1
0 comments

മംഗളൂരു: മദ്റസ വിദ്യാർഥികളെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ കർണാടക സർക്കാർ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി നിർത്തലാക്കി. ഇതോടെ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഏകദേശം 5,000 വിദ്യാർഥികളുടെ തുടർപഠനം അനിശ്ചിതത്വത്തിലായി. എസ്.എസ്.എൽ.സി പരീക്ഷയിലെ കുറഞ്ഞ വിജയശതമാനമാണ് പദ്ധതിക്ക് തിരിച്ചടിയായതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

2024ൽ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പദ്ധതി ആരംഭിച്ചത്. മദ്റസകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്) വഴി ഔദ്യോഗിക വിദ്യാഭ്യാസം ഉറപ്പാക്കുകയും എസ്.എസ്.എൽ.സി തല പരീക്ഷയ്ക്ക് സജ്ജരാക്കുകയുമായിരുന്നു പ്രധാന ലക്ഷ്യം. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനും തൊഴിൽമേഖലയിലും കൂടുതൽ അവസരങ്ങൾ ഒരുക്കുകയായിരുന്നു പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 മദ്റസകളിൽനിന്നുള്ള 5,000 വിദ്യാർഥികൾക്ക് ഒൻപത്, പത്ത് ക്ലാസുകളിലെ പാഠ്യപദ്ധതി അടിസ്ഥാനമാക്കി പരിശീലനം നൽകാനായിരുന്നു തീരുമാനം. ഇതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് 10 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു. സാങ്കേതിക വിലയിരുത്തലിനുശേഷം ബിദാർ ആസ്ഥാനമായുള്ള ഷഹീൻ ഗ്രൂപ്പിനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല നൽകിയത്.

പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 5,000 വിദ്യാർഥികളിൽ ഏകദേശം 4,370 പേർ പരീക്ഷയെഴുതിയെന്നാണ് റിപ്പോർട്ട്. എന്നാൽ ആദ്യശ്രമത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയവരിൽ 30 ശതമാനം പേർ മാത്രമാണ് വിജയിച്ചതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇതിനു പിന്നാലെയാണ് പദ്ധതി നിർത്തലാക്കാനുള്ള തീരുമാനം.

അതേസമയം, കുറഞ്ഞ വിജയശതമാനത്തിന്റെ പേരിൽ പദ്ധതി പൂർണമായി അവസാനിപ്പിച്ച സർക്കാർ നടപടിക്കെതിരെ വിമർശനം ശക്തമാകുകയാണ്. വിജയശതമാനം കുറയാനിടയായ കാരണങ്ങൾ, അധ്യാപന സംവിധാനത്തിലെ പോരായ്മകൾ, മദ്റസ അധികൃതരുടെ സഹകരണം എന്നിവ വിശദമായി വിലയിരുത്തി ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നാണ് വിമർശകരുടെ നിലപാട്.

പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനുപകരം പദ്ധതി തന്നെ നിർത്തലാക്കിയത് ആയിരക്കണക്കിന് വിദ്യാർഥികളുടെ വിദ്യാഭ്യാസ ഭാവിയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

You may also like