Home Keralaശത്രുക്കളെ കൊല്ലുകയല്ല, മിത്രങ്ങളാക്കുകയാണ് എന്റെ വിദ്യ’; ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ശത്രുക്കളെ കൊല്ലുകയല്ല, മിത്രങ്ങളാക്കുകയാണ് എന്റെ വിദ്യ’; ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

by news_desk1
0 comments

കോലഞ്ചേരി: ശത്രുക്കളെ ഇല്ലാതാക്കാൻ താൻ സ്വീകരിക്കുന്ന മാർഗം അവരെ മിത്രങ്ങളാക്കി മാറ്റുകയാണെന്ന് നടൻ മമ്മൂട്ടി. വെറുപ്പും വിദ്വേഷവും പടർത്തുന്നവർക്കിടയിൽ തിന്മയെ തിരിച്ചറിയണമെന്നും മനുഷ്യർ പരസ്പരം ശത്രുക്കളായി കാണുന്നതിന് പകരം സൗഹൃദം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരമൊരു പുരസ്കാരം നൽകാൻ തീരുമാനിച്ചതിൽ ഏറെ അർഥങ്ങളുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. നമ്മുടെ യഥാർഥ ശത്രു തിന്മയാണ്. വെറുപ്പ് തിന്മയുടെ പ്രതീകമാണ്. രാവിലെ ഉണരുന്നതുമുതൽ രാത്രി ഉറങ്ങുന്നതുവരെ മനസ്സിലേക്ക് വെറുപ്പും വിദ്വേഷവും കുത്തിനിറയ്ക്കുന്ന നിരവധി കാര്യങ്ങളാണ് കാണുകയും കേൾക്കുകയും ചെയ്യുന്നത്. മനുഷ്യരെ പരസ്പരം ശത്രുക്കളായി കാണാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളാണ് ചുറ്റുമുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ശത്രുക്കളെ ഇല്ലാതാക്കാൻ ഞാൻ ചെറിയൊരു വിദ്യ പ്രയോഗിക്കാറുണ്ട്. ബോംബിട്ട് കൊല്ലുകയോ വെടിവെച്ച് കൊല്ലുകയോ ആളെവിട്ട് തല്ലിക്കുകയോ അല്ല. ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് ചെയ്യുന്നത്. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കാം. അവർ അതിന് മുൻകൈ എടുത്തില്ലെങ്കിലും നമ്മൾ അതിന് തയ്യാറാകണം”, മമ്മൂട്ടി പറഞ്ഞു.

ജീവിതത്തിൽ ഏറ്റവും കൂടുതൽ ആനന്ദം നൽകുന്നത് സമാധാനമാണെന്നും പണമോ ആഡംബര സൗകര്യങ്ങളോ എ.സി കാറോ ബംഗ്ലാവോ അല്ല യഥാർഥ സന്തോഷത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സംഭാവനകൾ പരിഗണിച്ചാണ് ശ്രേഷ്ഠ ബാവാ പുരസ്കാരം സമ്മാനിക്കുന്നത്.

You may also like