Home Kerala13കാരന്റെ ജീവനെടുത്തത് വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പി; ഒടുവിൽ മാപ്പുപറഞ്ഞ് കെഎസ്ഇബി

13കാരന്റെ ജീവനെടുത്തത് വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പി; ഒടുവിൽ മാപ്പുപറഞ്ഞ് കെഎസ്ഇബി

by news_desk1
0 comments

മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് കെഎസ്ഇബി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഉണ്ടായതെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

കൂട്ടുകാർക്കൊപ്പം വയലിലേക്ക് കളിക്കാൻ പോകുന്നതിനിടെ രാവിലെ പത്തരയോടെയാണ് ജുനൈദിന് അപകടമുണ്ടായത്. പാടവരമ്പിലൂടെ നടക്കുമ്പോൾ സമീപത്തെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന ട്രാക്ടർ ഡ്രൈവർ ഇവരെ പിന്തിരിപ്പിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശത്തെ വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും അപകടാവസ്ഥയിലാണെന്ന് നേരത്തെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി നാട്ടുകാർ ആരോപിച്ചു. സ്റ്റേ കമ്പി ചരിഞ്ഞുപോയതാണ് അപകടകാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി.

You may also like