കോട്ടയം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ചിങ്ങവനം പൊലീസ്. ജില്ലയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടർ വാഹനവകുപ്പിന്റെ നടപടി നേരിടുന്നവരിൽ ഏറ്റവും കൂടുതൽ പേർ ചിങ്ങവനം സ്റ്റേഷൻ പരിധിയിലാണ്. ഇതിന്റെ പശ്ചാത്തലത്തിൽ എംസി റോഡിൽ പൊലീസ് സ്ഥിരമായി മദ്യപരിശോധന നടത്തിവരികയാണ്.
കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാരുടെ മദ്യപാനവും മോശം പെരുമാറ്റവും സംബന്ധിച്ച് പരാതികൾ ഉയർന്നതോടെയാണ് പരിശോധന ശക്തമാക്കിയത്. നവംബർ രണ്ടിനാണ് പരിശോധന ആരംഭിച്ചത്. ദിവസവും രാവിലെ 7.15 മുതൽ 9.30 വരെ കെഎസ്ആർടിസി, സ്വകാര്യ ബസ്, സ്കൂൾ ബസ് ഡ്രൈവർമാരെ ശ്വാസപരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ചങ്ങനാശേരി ഡിവൈഎസ്പി എസ്. ആഷാദ്, ചിങ്ങവനം എസ്എച്ച്ഒ അജ്മൽ ഷാ, എസ്ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.
അതിനിടെ, ഫോണിൽ സംസാരിച്ചുകൊണ്ട് ബസോടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യം പകർത്തിയ യുവതിയെ ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് റോഡിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി ചിങ്ങവനം പൊലീസിന് കൈമാറി.
അടുത്തിടെ എംസി റോഡിലുണ്ടായ കെഎസ്ആർടിസി ബസ് അപകടങ്ങളിൽ മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നഗരമധ്യത്തിൽനിന്ന് യാത്രക്കാരെ കയറ്റിയ കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്കെതിരെയും പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്.
പരിശോധനയിൽ ആദ്യം പിടിയിലായത് ഡിപ്പോയിലെ ശ്വാസപരിശോധനയ്ക്ക് വിധേയനാകാതെ സർവീസ് നടത്തിയ അടൂർ–കോട്ടയം കെഎസ്ആർടിസി ബസ് ഡ്രൈവറാണ്. ഒരു സ്വകാര്യ ബസ് ഡ്രൈവറും പരിശോധനയിൽ പിടിയിലായി. ഇരുവരുടെയും ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും.
