Home Top Storiesആറുമാസം പിന്നിട്ടിട്ടും നിയമനമില്ല; ബോർഡ്–കോർപ്പറേഷൻ പദവികളെച്ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷം, നേതൃത്വത്തിനെതിരെ മോൻസ് ജോസഫും ഷിബു ബേബി ജോണും

ആറുമാസം പിന്നിട്ടിട്ടും നിയമനമില്ല; ബോർഡ്–കോർപ്പറേഷൻ പദവികളെച്ചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷം, നേതൃത്വത്തിനെതിരെ മോൻസ് ജോസഫും ഷിബു ബേബി ജോണും

by news_desk1
0 comments

തിരുവനന്തപുരം: ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിൽ അതൃപ്തി പരസ്യമാക്കി യുഡിഎഫിലെ ഘടകകക്ഷികൾ. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മോൻസ് ജോസഫും ഷിബു ബേബി ജോണും രംഗത്തെത്തി. എത്രയും വേഗം നിയമനങ്ങൾ പൂർത്തിയാക്കുന്നതാണ് ഉചിതമെന്ന് മോൻസ് ജോസഫ് മുന്നറിയിപ്പ് നൽകി. മാന്യമായ പരിഗണന വേണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി മുഖ്യമന്ത്രിക്ക് കത്തും നൽകി. ചർച്ചകൾ വൈകുന്നതിൽ കോൺഗ്രസിനുള്ളിലും അമർഷം പുകയുകയാണ്.

സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്, കോർപ്പറേഷൻ പദവികളിൽ നിയമനം നടത്താത്തതാണ് ഘടകകക്ഷികളുടെ പ്രതിഷേധത്തിന് കാരണം. യുഡിഎഫിലെ പ്രധാന ഘടകകക്ഷികളായ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആർഎസ്പിയും മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു.

15 പദവികൾ ആവശ്യപ്പെട്ട ആർഎസ്പിക്ക് അതിന്റെ പകുതി പോലും നൽകാനാകില്ലെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചതെന്നാണ് വിവരം. ഇതിൽ പ്രതിഷേധിച്ചാണ് അർഹമായ പരിഗണന ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ പ്രധാന ആവശ്യം പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകണമെന്നാണ്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന കോൺഗ്രസ് നിലപാടാണ് വിഭാഗത്തിന്റെ അതൃപ്തിക്ക് കാരണമായത്.

നിയമന ചർച്ചകൾ ഏകപക്ഷീയമാണെന്ന വിമർശനവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. പാർട്ടിയിലെ വർക്കിങ് പ്രസിഡന്റുമാരെ ചർച്ചകളിൽനിന്ന് മാറ്റിനിർത്തുന്നതിലും പരാതിയുണ്ട്. ആറുമാസം പിന്നിട്ടിട്ടും നിയമന ചർച്ചകൾ എങ്ങുമെത്താത്തതും വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് യോഗമോ ഉഭയകക്ഷി യോഗമോ ചേരാത്തതും ഘടകകക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം, എൽഡിഎഫ് സഹയാത്രികർ ഇപ്പോഴും വിവിധ കോർപ്പറേഷനുകളുടെ തലപ്പത്ത് തുടരുന്നതും യുഡിഎഫിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. നിയമനങ്ങൾ വൈകുന്നതോടെ മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ പരസ്യമായ പോരിലേക്ക് നീങ്ങുകയാണ്.

You may also like