മംഗലംഡാം: വീടിന് പുറത്തേക്ക് ഇറങ്ങിയ വയോധികയെ കാട്ടുപന്നി ആക്രമിച്ചു. കവിളുപ്പാറ മേലെ ആദിവാസി ഊരിലെ ചീനിയുടെ ഭാര്യ കമലത്തിനാണ് (70) സാരമായി പരിക്കേറ്റത്. ആദ്യം മംഗലംഡാമിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പ്രാഥമിക ആവശ്യങ്ങൾക്കായി വീടിന് പുറത്തുപോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ബഹളം കേട്ട് സമീപവീട്ടുകാർ ഓടിയെത്തി. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ടി. വാസുവിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. വാഹനം എത്താൻ കഴിയുന്ന വഴിയിലേക്ക് വയോധികയെ എത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
