കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ജയിൽ മോചിതനായി. കാക്കനാട് ജില്ലാ ജയിലിനോടു ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചിരുന്ന സുഹൈലിനെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇന്ന് വിട്ടയച്ചത്.
കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുഹൈലിനെ പത്ത് ദിവസത്തിനു ശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥയോടെയാണ് ഈ മാസം ആറിന് മറ്റ് മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഒക്ടോബർ 11നായിരുന്നു നാടിനെ നടുക്കിയ അപകടം. നെടുമ്പാശേരി വിമാനത്താവള റോഡിൽ സുവർണ്ണോദ്യാനത്തിന് സമീപം സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികരായ കർണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടം നടന്ന ദിവസം സുഹൈൽ നാല് ബാറുകളിൽ കയറിയിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. അനുവദനീയമായതിന്റെ അഞ്ചിരട്ടിയായിരുന്നു സുഹൈലിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മദ്യത്തിന്റെ അളവ്.
അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നെന്നും സുഹൈൽ മദ്യപിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത കാർ കമ്പനി അന്വേഷണസംഘത്തിന് റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്ന കാർ കൂട്ടിയിടിയുടെ സമയത്ത് 144 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയത്. 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണ് കാർ പിന്നിട്ടതെന്ന് സി.സി.ടി.വി ദൃശ്യങ്ങളും വ്യക്തമാക്കിയിരുന്നു.
മജിസ്ട്രേട്ട് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയായെന്നും വിദ്യാർഥികളായ പ്രതികളെ ഇനിയും കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്നും സുഹൈലിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പ്രതികൾ മദ്യപിച്ചും അമിതവേഗത്തിലും വാഹനമോടിച്ചവരാണെന്നും ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷനും മരിച്ചവരുടെ ബന്ധുക്കളും ശക്തമായി എതിർത്തു.
വിചാരണ പൂർത്തിയാകുന്നതുവരെ പ്രതികളെ കസ്റ്റഡിയിൽ വയ്ക്കാനാകില്ലെന്നും ജാമ്യം നിഷേധിക്കാൻ മതിയായ കാരണങ്ങൾ വേണമെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ഒന്നാം പ്രതി സുഹൈലിനെ പത്ത് ദിവസം കൂടി കസ്റ്റഡിയിൽ വയ്ക്കാനും മറ്റ് പ്രതികൾക്ക് ഉടൻ ജാമ്യം അനുവദിക്കാനും ഉത്തരവിട്ടത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
