ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ ബോധപൂർവം പ്രതിസന്ധി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഭക്ഷണത്തിൽ പോലും വിഷം കലർത്താൻ മടിക്കാത്തവരാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും കച്ചവട താൽപര്യക്കാരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നുമാണ് മന്ത്രിയുടെ മുന്നറിയിപ്പ്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് വിഭാഗത്തോട് വിശദമായ പരിശോധന നടത്താൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശബരിമലയിലെ ശുചിമുറിയിലെ വാൽവ് അടച്ചിട്ട സംഭവവും ഇന്ന് പുലർച്ചെ ഒരാൾ ബഹളമുണ്ടാക്കിയ സംഭവവും ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ടെൻഡർ ലഭിക്കാത്തവരും കച്ചവട താൽപര്യക്കാരുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗവും വിഷയം സൂക്ഷ്മമായി പരിശോധിക്കും.
ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ശബരിമലയിലെ പ്രവർത്തനങ്ങളെല്ലാം നടക്കുന്നതെന്നും നിലവിലെ ക്രമീകരണങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഭിന്നതയുള്ളതിനാൽ തീർഥാടനകാലത്ത് പ്രതിസന്ധിയുണ്ടാകുമെന്ന് ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ പരാതികളില്ലാത്ത ആദ്യത്തെ വൃശ്ചികം ഒന്നാണ് കടന്നുപോയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രമീകരണങ്ങൾക്കായി മുഖ്യമന്ത്രി ഒരു പിശുക്കുമില്ലാതെ പണം അനുവദിക്കുന്നുണ്ടെന്നും ചെറിയ വീഴ്ചകൾ പോലും ഉണ്ടാകാതിരിക്കാൻ കർശന മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ബോർഡ് കോർപ്പറേഷൻ വിഭജനം ഉടൻ നടപ്പാക്കുമെന്നും സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനത്തിൽ ജനങ്ങൾ സംതൃപ്തരാണെന്നും മന്ത്രി അവകാശപ്പെട്ടു. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന സർക്കാരാണിതെന്നും മറ്റാർക്കെങ്കിലും അതൃപ്തിയുണ്ടോയെന്ന് പരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അടൂർ പ്രകാശിന്റെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷം ദുർബലമായതിനാൽ ഭരണകക്ഷിയിലെ ചിലർ വഴിതെറ്റാതിരിക്കാനുള്ള ഉപദേശങ്ങൾ നൽകുകയാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. പ്രതിപക്ഷം സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുകയാണെന്നും കെ. മുരളീധരൻ പ്രതികരിച്ചു.
