ശബരിമല: അയ്യപ്പഭക്തർക്ക് ഇനി സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ കേരളത്തിന്റെ തനത് സദ്യയുടെ രുചി ആസ്വദിക്കാം. പുലാവിന് പകരം കേരള സദ്യ വിളമ്പിത്തുടങ്ങി. വൈകുന്നേരം നൽകിയിരുന്ന ഉപ്പുമാവും ഒഴിവാക്കിയിട്ടുണ്ട്. ഈ മണ്ഡലകാലത്തിന്റെ തുടക്കമായ ചൊവ്വാഴ്ച മുതലാണ് പുതിയ ഭക്ഷണക്രമം നടപ്പാക്കിയത്.
മുൻവർഷങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരെക്കൂടി പരിഗണിച്ച് അന്നദാനത്തിന് പുലാവായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത്തവണ പുലാവ് ഒഴിവാക്കി കേരള വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു.
ഇലയിട്ട് പായസം ഉൾപ്പെടെയുള്ള വിഭവങ്ങളോടുകൂടിയ കേരള സദ്യ നൽകുമെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നേരത്തെ അറിയിച്ചിരുന്നത്. ശബരിമലയിലെത്തുന്ന ഇതരസംസ്ഥാന തീർഥാടകർക്കും കേരളത്തിന്റെ തനത് ഭക്ഷണരീതി പരിചയപ്പെടാനുള്ള അവസരമാകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാഴയിലയിൽ സദ്യ വിളമ്പുമെന്നായിരുന്നു ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നതെങ്കിലും നിലവിൽ പ്ലേറ്റിലാണ് ഭക്ഷണം നൽകുന്നത്. കേരളീയ വിഭവങ്ങൾ തന്നെയാണ് സദ്യയിലുള്ളത്. പുതിയ ഭക്ഷണക്രമത്തെ ഭക്തരും സ്വാഗതം ചെയ്തു. നല്ല സദ്യയാണെന്നാണ് അയ്യപ്പഭക്തരുടെ പ്രതികരണം.
