Home Keralaകേരളത്തിന് 500 മെഗാവാട്ട് അധിക വൈദ്യുതി വേണം; വിഴിഞ്ഞത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതികൾ, പ്രധാനമന്ത്രിക്ക് നിവേദനം നൽകി മുഖ്യമന്ത്രി

കേരളത്തിന് 500 മെഗാവാട്ട് അധിക വൈദ്യുതി വേണം; വിഴിഞ്ഞത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതികൾ, പ്രധാനമന്ത്രിക്ക് നിവേദനം നൽകി മുഖ്യമന്ത്രി

by news_desk1
0 comments

ന്യൂഡൽഹി: പുതിയ പദ്ധതികളല്ല, കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേരളത്തിന് അർഹമായ വിഹിതമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വികസന ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി. നിലവിലെ 150 മെഗാവാട്ടിന് പുറമെ കേന്ദ്ര വിഹിതത്തിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി കൂടി അനുവദിക്കണമെന്നും ജിഡിപി കണക്കെടുപ്പ് പഴയ രീതിയിൽ തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞവുമായി ബന്ധപ്പെട്ട 12 വൻകിട പദ്ധതികൾക്ക് 1,03,500 കോടി രൂപയുടെ അനുമതിയും തേടി. 1,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 10.7 കിലോമീറ്റർ വിഴിഞ്ഞം റെയിൽ ലിങ്ക് റെയിൽവേ നേരിട്ട് നിർമിച്ച് നടത്തണമെന്നാണ് ആവശ്യം. ഇതിനായി സംസ്ഥാനം ഇതിനകം 541 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

വിഴിഞ്ഞം ഔട്ടർ റിംഗ് റോഡ്, ഫ്രീ ട്രേഡ് സോൺ, പോർട്ട് ഇക്കണോമിക് റീജിയൻ എന്നിവയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതിയും തേടി. പൂവാർ-വിഴിഞ്ഞം മേഖലയിൽ ഗ്രീൻഫീൽഡ് കപ്പൽ നിർമാണ ക്ലസ്റ്റർ അനുവദിക്കുക, കൊച്ചിൻ ഷിപ്പ്‌യാർഡ് വികസനത്തിന് അന്തിമ അനുമതി നൽകുക, കൊച്ചി-വിഴിഞ്ഞം മേഖലയെ ദേശീയ ഗ്രീൻ ഹൈഡ്രജൻ ഹബ്ബായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. കേന്ദ്രത്തിന്റെ പ്രത്യേക മൂലധന നിക്ഷേപ സഹായ പദ്ധതിയിൽ കേരളത്തിന് അർഹമായ വിഹിതം വേഗത്തിൽ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

You may also like