Home Top Storiesഅരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും വെറുതെ വിട്ട് കോടതി, അഞ്ച് പ്രതികൾ കുറ്റക്കാർ

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും വെറുതെ വിട്ട് കോടതി, അഞ്ച് പ്രതികൾ കുറ്റക്കാർ

by news_desk1
0 comments

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി. സി.പി.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി വെറുതെ വിട്ടു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.

കേസിലെ മറ്റു പ്രതികളായ ഉമേശൻ, ഗണേശൻ, ശ്യാംജിത്, പ്രകാശൻ, അജയൻ, രാജീവൻ എന്നിവരെയും കോടതി വെറുതെ വിട്ടു. അതേസമയം, ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

23കാരനായ അരിയിൽ ഷുക്കൂറിനെ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ഫോട്ടോ എടുത്ത് തിരിച്ചറിഞ്ഞശേഷം കൊലപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കേസ്. പാർട്ടി കോടതി നടത്തിയ വിചാരണയ്ക്കൊടുവിലാണ് കൊലപാതകം നടപ്പാക്കിയതെന്ന ആരോപണം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പിൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വാഹനത്തിന് നേരെ അരിയിൽവച്ച് ആക്രമണമുണ്ടായി. ഇതിന് പിന്നാലെയാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.

അന്ന് വൈകിട്ട് 4.30ഓടെ ചുള്ളിയോട്ട് വയൽ വരമ്പിൽ കുത്തേറ്റുമരിച്ച നിലയിലാണ് ഷുക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്തായിരുന്നു മരണകാരണം. ജയരാജന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ, ജയരാജനെ ആക്രമിച്ച സംഘത്തിൽ ഷുക്കൂർ ഉണ്ടായിരുന്നില്ല.

സംഭവദിവസം ഷുക്കൂറും സുഹൃത്തുക്കളായ സക്കറിയ, അബ്ദുൾ സലാം, അയൂബ്, ഹിരിസ് എന്നിവരും വള്ളുവൻ കടവ് കടന്ന് അരിയിലേക്ക് വരികയായിരുന്നു. സംശയം തോന്നിയതോടെ അഞ്ചുപേരും മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. എന്നാൽ, അക്രമിസംഘം വീട് വളഞ്ഞു.

വീട്ടിൽ അതിക്രമിച്ചുകയറിയ സി.പി.എം നേതാക്കളായ സി.എൻ. മോഹനനും മൈന ദിനേശനും ഷുക്കൂറിന്റെ ചിത്രം പകർത്തി എം.എം.എസ് വഴി തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം മുറിയിലുണ്ടായിരുന്ന എ.വി. ബാബുവിന് അയച്ചുനൽകിയെന്നാണ് കേസ്. ഷുക്കൂറിനെ തിരിച്ചറിഞ്ഞശേഷം മറ്റുള്ളവരെ വിട്ടയച്ചെന്നും ആരോപണമുണ്ട്. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഷുക്കൂറിനെ സക്കറിയക്കൊപ്പം വീടിന് മുന്നിലെ പാടത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ പറയുന്നത്. സംഭവസ്ഥലത്തുനിന്ന് സക്കറിയ രക്ഷപ്പെട്ടു.

സി.പി.എം പ്രാദേശിക നേതാക്കളടക്കം 29 പേരായിരുന്നു കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി ആരോപിക്കപ്പെട്ടത്. ഐ.പി.സി 118-ാം വകുപ്പ് പ്രകാരം പി. ജയരാജൻ, ടി.വി. രാജേഷ്, അന്തരിച്ച എ.വി. ബാബു, യു.വി. വേണു തുടങ്ങിയവരും പ്രതികളായി. കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നായിരുന്നു ഇവർക്കെതിരായ ആരോപണം.

അന്വേഷണത്തിനിടെ പ്രതികളെ കസ്റ്റഡിയിൽ മർദിച്ചെന്ന ആരോപണത്തെച്ചൊല്ലി സി.പി.എമ്മും പൊലീസും തമ്മിൽ പലവട്ടം ഏറ്റുമുട്ടി. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഷുക്കൂറിന്റെ മാതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ, പുതിയ കണ്ടെത്തലുകളൊന്നും കാര്യമായി ഉണ്ടായില്ലെന്നും ഐ.പി.സി 118-ാം വകുപ്പിന് പകരം 120 ബി പ്രകാരമുള്ള ഗൂഢാലോചനക്കുറ്റം ഉൾപ്പെടുത്തി അധിക റിപ്പോർട്ട് സമർപ്പിക്കുകയാണ് സി.ബി.ഐ ചെയ്തതെന്നുമാണ് റിപ്പോർട്ടിലെ വിശദീകരണം.

നീണ്ട 14 വർഷത്തെ നിയമനടപടികൾക്കൊടുവിൽ പുറത്തുവന്ന വിധി കേസിലെ പ്രതികൾക്കും രാഷ്ട്രീയ കേരളത്തിനും ഒരുപോലെ നിർണായകമായി.

You may also like