തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച പത്മജ വേണുഗോപാലിന്റെ പുനഃപ്രവേശനത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി ഫോണിൽ സംസാരിച്ച പത്മജ, കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തതിന് നന്ദി അറിയിച്ചു. മടങ്ങിവരാനുള്ള താൽപര്യം അറിയിച്ചുള്ള കത്ത് വൈകാതെ സണ്ണി ജോസഫിന് കൈമാറിയേക്കും. എന്നാൽ പത്മജയെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിശദമായ ചർച്ചകൾക്കുശേഷമായിരിക്കും അന്തിമ തീരുമാനം.
കെ. കരുണാകരന്റെ മകളെന്ന നിലയിൽ പത്മജയുടെ മടങ്ങിവരവിന് തടസ്സം നിൽക്കേണ്ടതില്ലെന്ന അഭിപ്രായം പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. അതേസമയം, കെ. മുരളീധരനെതിരെയും മറ്റും പത്മജ നടത്തിയ പരാമർശങ്ങൾ തിരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പത്മജയെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് കെ.പി. നൗഷാദ് അലി എംഎൽഎ ആവശ്യപ്പെട്ടു. പത്മജയുടെ രാജി ബിജെപിയുടെ കൂറുമാറ്റ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ദുർബല നിമിഷത്തിൽ കോൺഗ്രസ് വിട്ടുപോകുകയും പിന്നീട് പശ്ചാത്താപത്തോടെ തിരിച്ചുവരാൻ ആഗ്രഹിക്കുകയും ചെയ്ത നിരവധി പേർ പാർട്ടിയുടെ ചരിത്രത്തിലുണ്ടെന്ന് നൗഷാദ് അലി ചൂണ്ടിക്കാട്ടി. അത്തരക്കാരുടെ മുന്നിൽ എന്നെന്നേക്കുമായി വാതിലടച്ച പാരമ്പര്യം കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ തലമുറയിലെ സാമൂഹികമാധ്യമങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകർ വിശാലമായി ചിന്തിക്കാത്തതുകൊണ്ടാകാം പത്മജയുടെ മടങ്ങിവരവിനെ എതിർക്കുന്നതെന്നും നൗഷാദ് അലി അഭിപ്രായപ്പെട്ടു. പാർട്ടിയുടെ പാരമ്പര്യവും പൈതൃകവും റദ്ദാക്കേണ്ട കാര്യമില്ലെന്നും കോൺഗ്രസിലേക്ക് വരാൻ പത്മജ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എഐസിസി, കെപിസിസി നേതൃത്വങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പത്മജയുടെ മടങ്ങിവരവിനെതിരെ രൂക്ഷവിമർശനവുമായി ജിന്റോ ജോൺ രംഗത്തെത്തി. ഭാഗ്യാന്വേഷികളുടെ വഴിയമ്പലമല്ല കോൺഗ്രസെന്ന് അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിൽ പത്മജയ്ക്ക് ലഭിച്ച സ്ഥാനം കഠിനാധ്വാനത്തിന്റെയോ പ്രവർത്തനത്തിന്റെയോ ഫലമായിരുന്നില്ലെന്നും കെ. കരുണാകരന്റെ മകളെന്ന പരിഗണനയിലായിരുന്നുവെന്നും ജിന്റോ പറഞ്ഞു.
ഒരു സുപ്രഭാതത്തിൽ പാർട്ടിയെ പരമാവധി ആക്ഷേപിച്ച് ഇറങ്ങിപ്പോയപ്പോൾ വലിയ വിഷമമുണ്ടായെന്നും അതിന് മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാഫി പറമ്പിലിനെ വർഗീയവാദിയെന്ന് വിളിച്ച അഭിപ്രായത്തിൽ പത്മജയ്ക്ക് ഇപ്പോഴും ഉറച്ചുനിൽപ്പുണ്ടോയെന്ന് വ്യക്തമാക്കണം. കോൺഗ്രസിലെ സൗന്ദര്യമുള്ള സ്ത്രീകൾക്ക് പാർട്ടിയിൽ പ്രവർത്തിച്ച് മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണെന്ന സ്ത്രീവിരുദ്ധ പരാമർശത്തിൽ വനിതാ പ്രവർത്തകരോട് മാപ്പുപറഞ്ഞിട്ടുവേണം തിരിച്ചുവരാനെന്നും ജിന്റോ ആവശ്യപ്പെട്ടു.
“സൗകര്യം പോലെ വരാനും പോകാനുമുള്ള പാർട്ടിയല്ല കോൺഗ്രസ്. അവർ പോയപ്പോൾ വഴിയിലുപേക്ഷിച്ച കൊടി ഇവിടെ അവശേഷിച്ച മനുഷ്യർ ഉയർത്തിയതുകൊണ്ടാണ് ഇന്ന് വി.ഡി. സതീശൻ സർക്കാർ കേരളം ഭരിക്കുന്നത്” എന്നായിരുന്നു ജിന്റോയുടെ വിമർശനം.
രണ്ടര വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചാണ് കഴിഞ്ഞ ദിവസം പത്മജ വേണുഗോപാൽ രാജി പ്രഖ്യാപിച്ചത്. രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴിയാണ് രാജിക്കത്ത് കൈമാറിയത്. ബിജെപിയിലേക്കുള്ള പ്രവേശനം എടുത്തുചാട്ടമായിരുന്നുവെന്നും ഇപ്പോൾ ആ തീരുമാനം തിരുത്തുകയാണെന്നുമായിരുന്നു പത്മജയുടെ പ്രതികരണം.
