തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. നടപടി ആശ്വാസകരമാണെങ്കിലും നഷ്ടപരിഹാരത്തുക സ്വീകരിക്കില്ലെന്നാണ് സുജിത്തിന്റെ നിലപാട്. തന്നെ മർദിച്ച പൊലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിട്ട് ശിക്ഷിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി.എം. സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെട്ടത്. നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതത്തിൽനിന്ന് തുക നൽകാനാണ് നിർദേശം. കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട പരാതി വിശദമായി പരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
2023 ഏപ്രിൽ അഞ്ചിന് കാണിപ്പയ്യൂരിലാണ് സംഭവങ്ങളുടെ തുടക്കം. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്ന് മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. ഇതിനെ സുജിത്ത് ചോദ്യം ചെയ്തതോടെ ബലംപ്രയോഗിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് മർദിച്ചെന്നാണ് ആരോപണം.
കസ്റ്റഡി മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവരാൻ സുജിത്തും സുഹൃത്തുക്കളും രണ്ടു വർഷത്തോളം നിയമപോരാട്ടം നടത്തി. ഒടുവിൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി. തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
ആരോപണവിധേയരായ സബ് ഇൻസ്പെക്ടർ നുഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശശീന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ സന്ദീപ്, സജീവൻ എന്നിവരാണ് നിലവിൽ സസ്പെൻഷനിലുള്ളത്. ഇവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സുജിത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
