Home Keralaപ്രായപൂർത്തിയാകാത്ത പ്രതികൾക്ക് നിയമസംരക്ഷണം മാത്രം പോരാ; ഇരകളുടെ ദുരിതവും പരിഗണിക്കണം, ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി തേടി കേരളം

പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് നിയമസംരക്ഷണം മാത്രം പോരാ; ഇരകളുടെ ദുരിതവും പരിഗണിക്കണം, ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി തേടി കേരളം

by news_desk1
0 comments

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചു. നിലവിലെ നിയമം പ്രതികളായ കുട്ടികൾക്ക് നൽകുന്ന സംരക്ഷണങ്ങൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവരുടെ ദുരിതവും അവകാശങ്ങളും പരിഗണിക്കണമെന്നാണ് ആവശ്യം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നൽകിയ കത്തിലാണ് രമേശ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത്. 18 വയസ്സിന് താഴെയുള്ള കുറ്റവാളികൾക്ക് നിലവിലെ ജുവനൈൽ ജസ്റ്റിസ് നിയമം വിവിധ സംരക്ഷണങ്ങൾ ഉറപ്പാക്കുന്നുണ്ട്. എന്നാൽ, കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവർക്ക് അർഹമായ നീതി ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ശ്രീകാര്യത്ത് 16 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരു 16 വയസ്സുകാരൻ പ്രതിയായതും എറണാകുളത്തെ വാഹനാപകടങ്ങളിൽ പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ സംരക്ഷണം ലഭിച്ചെന്ന ആക്ഷേപവും നിയമത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രതികളുടെ പ്രായപരിധി സംബന്ധിച്ച നിയമവ്യവസ്ഥകൾ നിയമനിർമാണസഭകൾ പുനഃപരിശോധിക്കേണ്ടതല്ലേയെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് കേന്ദ്രത്തെ സമീപിച്ചത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. നിലവിലെ നിയമം ജുവനൈൽ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നവരുടെ വികാരങ്ങളും ദുരിതങ്ങളും കൂടി പരിഗണിക്കണം. ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനവും ലഹരിവസ്തുക്കളുടെ ഉപയോഗവും കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കുന്ന സാഹചര്യത്തിൽ നിയമവും കാലാനുസൃതമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്നും കത്തിൽ ആവശ്യപ്പെടുന്നു.

കേന്ദ്ര വനിതാ-ശിശുവികസന മന്ത്രി അന്നപൂർണ ദേവിക്കും സംസ്ഥാന ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.

You may also like