വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്തണോയെന്ന കാര്യത്തിൽ തീരുമാനം പുതുവർഷത്തിനു ശേഷമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ മാസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പിനു പിന്നാലെ നിർണായക പ്രഖ്യാപനമുണ്ടാകുമെന്ന സൂചനകൾക്കിടെയാണ് തീരുമാനം നീട്ടിയത്. അതേസമയം, ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ട്രംപ് ആവർത്തിച്ചു.
ചൈന സന്ദർശനം കഴിഞ്ഞ് വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽവെച്ച് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, പുതുവർഷത്തിനു ശേഷം ഇക്കാര്യം ചർച്ച ചെയ്യാമെന്നും തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നുമായിരുന്നു മറുപടി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന ഭീഷണിയും സംഘർഷം ലഘൂകരിക്കാനുള്ള സൂചനകളും ട്രംപ് മാറിമാറി നൽകിയിരുന്നു. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിലും ജനുവരി ഒന്നിനു ശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാൻ വിഷയത്തിൽ തീരുമാനമെടുക്കാൻ തിടുക്കമില്ലെന്നും മറ്റ് അഭിമുഖങ്ങളിലും ട്രംപ് വ്യക്തമാക്കിയിരുന്നു.
എട്ട് മാസമായി തുടരുന്ന സംഘർഷത്തിൽ ഒത്തുതീർപ്പിന് ഇറാൻ തയ്യാറാകുമെന്നായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ട്രംപ് ആവർത്തിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടമായി. ഇറാനെതിരായ ഉപരോധങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും ഫലം കാണുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടത്.
തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഇറാൻ വിഷയവും കാരണമായിട്ടുണ്ടെന്ന് ട്രംപ് സമ്മതിച്ചു. എന്നാൽ, അതിന്റെ പേരിൽ നയത്തിൽ മാറ്റം വരുത്തില്ലെന്നും വ്യക്തമാക്കി. 2028-ലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുള്ള വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, തിരഞ്ഞെടുപ്പിലെ പരാജയത്തിന് യുദ്ധമാണ് കാരണമെന്ന് വിമർശിക്കുകയും ഇറാൻ വിഷയത്തിൽനിന്ന് പരസ്യമായി അകലം പാലിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഇറാനുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങളിൽനിന്ന് വാൻസിനെ മാറ്റിയ ട്രംപ്, ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശിച്ചു. വാൻസിന്റെ വിലയിരുത്തൽ ശരിയാണെന്നും ഇറാൻ വിഷയം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ട്രംപ് സമ്മതിച്ചു. എന്നാൽ, വീണ്ടും സമാന സാഹചര്യമുണ്ടായാൽ ഇറാനെ ആക്രമിക്കുമോ എന്ന ചോദ്യത്തിന്, തീർച്ചയായും ആക്രമിക്കുമെന്നും ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
റഷ്യൻ, ചൈനീസ് നേതാക്കളുമായി വ്യാഴാഴ്ച നടത്തിയ ഉച്ചകോടിക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇറാൻ സംഘർഷത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല.
