Home Top Storiesപത്ത് വർഷത്തെ കാത്തിരിപ്പിന് വിരാമം; സി.വി. ധനരാജ് വധക്കേസിൽ വിധി ഇന്ന്

പത്ത് വർഷത്തെ കാത്തിരിപ്പിന് വിരാമം; സി.വി. ധനരാജ് വധക്കേസിൽ വിധി ഇന്ന്

by news_desk1
0 comments

കണ്ണൂർ: രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച സി.വി. ധനരാജ് വധക്കേസിൽ പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് വിധി. കേസിൽ പ്രതികളായ 20 ആർഎസ്എസ്–ബിജെപി പ്രവർത്തകരുടെ വിധി തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് പ്രസ്താവിക്കുക. 2016 ജൂലൈ 11നാണ് പയ്യന്നൂർ രാമന്തളി കുന്നരുവിൽ സിപിഎം പ്രവർത്തകനായിരുന്ന സി.വി. ധനരാജ് കൊല്ലപ്പെട്ടത്.

വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപംവച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. രക്ഷപ്പെടാൻ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിന്റെ പിൻഭാഗത്തുവച്ച് വീണ്ടും ആക്രമിച്ചു. ഭാര്യയുടെയും അമ്മയുടെയും മക്കളുടെയും മുന്നിലായിരുന്നു കൊലപാതകം. രാഷ്ട്രീയവിരോധത്തെത്തുടർന്ന് ആർഎസ്എസ്–ബിജെപി സംഘം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നാണ് പ്രോസിക്യൂഷൻ കേസ്.

ആറ് പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് കേസ്. ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, വിപിൻ എം., വൈശാഖ് എം. എന്നിവർ ചേർന്നാണ് ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് ആരോപണം. വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ. അനൂപും പത്താം പ്രതി കെ. മനൂപും സഹോദരന്മാരാണ്. പതിനെട്ടാം പ്രതി രമേശൻ, ഒൻപതാം പ്രതി പി. രാജീവിന്റെ സഹോദരനാണ്. കേസിലെ പതിനാറാം പ്രതിയായ തിരുവനന്തപുരം സ്വദേശി കണ്ണൻ എന്ന ആജീഷ് ആർഎസ്എസ് ജില്ലാ പ്രമുഖനായിരുന്നു.

2016 ജൂലൈ 12നാണ് കേസിൽ ആദ്യ അറസ്റ്റ് നടന്നത്. രണ്ട് ആർഎസ്എസ് പ്രവർത്തകരാണ് അന്ന് പിടിയിലായത്. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ പേർ അറസ്റ്റിലായി. ആകെ 20 പേരെയാണ് പൊലീസ് പ്രതിചേർത്തത്. ഇതിനിടെ 2017 മേയ് 12ന് കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു കൊല്ലപ്പെട്ടു.

2025 സെപ്റ്റംബർ 22നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേർ കോടതിയിൽ ഹാജരായിരുന്നില്ല. ധനരാജിനെ കൊലപ്പെടുത്താൻ രണ്ടിടങ്ങളിൽ ഗൂഢാലോചന നടന്നെന്നാണ് പ്രോസിക്യൂഷന്റെ വാദം.

127 രേഖകൾക്കു പുറമേ വസ്ത്രങ്ങൾ, ആയുധങ്ങൾ, വാഹനം എന്നിവയുൾപ്പെടെ 33 തൊണ്ടിമുതലുകളും തെളിവുകളും കോടതിയിൽ ഹാജരാക്കി. 2026 ഒക്ടോബർ 14നാണ് വിചാരണ നടപടികൾ പൂർത്തിയായത്. കേസിൽ ഇന്ന് വിധി വരുന്നതോടെ ഒരു പതിറ്റാണ്ടായി നീളുന്ന നിയമപോരാട്ടത്തിനാണ് നിർണായക വഴിത്തിരിവാകുന്നത്.

You may also like