Home Keralaസർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങളും വേണ്ടെന്ന് സമരസമിതി; വിമത വിഭാഗം രംഗത്ത്

സർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങളും വേണ്ടെന്ന് സമരസമിതി; വിമത വിഭാഗം രംഗത്ത്

by news_desk1
0 comments

തിരുവനന്തപുരം ∙ എൽപിഎസ്ടി നിയമനത്തിനായുള്ള സമരത്തിൽ സർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങൾ സമരസമിതി ഇപ്പോൾ വേണ്ടെന്നുവയ്ക്കുകയാണെന്ന് ആരോപിച്ച് വിമത വിഭാഗം രംഗത്ത്. സമരത്തിന്റെ ലക്ഷ്യത്തിൽനിന്ന് നേതൃത്വം പിന്നോട്ടുപോകുകയാണെന്നും പുതിയ ആവശ്യങ്ങളുമായി മുന്നോട്ടുപോകുന്നത് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും വിമതർ ആരോപിച്ചു. അംഗീകരിച്ച ആവശ്യങ്ങൾ വേണ്ടെന്നുവയ്ക്കുന്ന സമരസമിതി ഇതാദ്യമാണെന്നും അവർ പറഞ്ഞു.

സമരം തുടങ്ങിയത് ആവശ്യങ്ങൾ അംഗീകരിപ്പിക്കാനായിരുന്നുവെന്നും എന്നാൽ സർക്കാർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഇപ്പോൾ വേണ്ടെന്നാണ് സമരസമിതി പറയുന്നതെന്നും വിമത വിഭാഗം നേതാവ് അജ്മൽ ഷാ ആരോപിച്ചു. കൂടെയുള്ളവർക്ക് ജോലി ലഭിക്കണമെന്നതല്ല സമരസമിതിയുടെ നിലപാടെന്നും സർക്കാർ അംഗീകരിച്ച നാല് ആവശ്യങ്ങളും വേണ്ടെന്നുവയ്ക്കാൻ റാങ്ക് പട്ടികയിലുള്ള ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ സമരം മുന്നോട്ടുപോകുന്നത് മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചാണ്. അവസാനമായി നടന്നത് ചർച്ചയാണെന്ന് പറയാനാകില്ല. വളർമതി ടീച്ചർ മാത്രമാണ് മന്ത്രിയുമായി രഹസ്യമായി സംസാരിച്ചത്. വിരമിക്കൽ ഒഴിവുകൾ മാത്രം മതിയെന്നാണ് ഇപ്പോൾ പറയുന്നത്. അത്തരം ഒഴിവുകൾകൊണ്ട് ഞങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല,” അജ്മൽ ഷാ പറഞ്ഞു.

സമരസമിതിക്കെതിരെ കൂടുതൽ പരാതികളുമായി വിമത വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് ജോലി ലഭിച്ചില്ലെങ്കിൽ കൂടെയുള്ളവർക്കും ജോലി ലഭിക്കേണ്ടെന്ന നിലപാടിലാണ് സമരം മുന്നോട്ടുപോകുന്നതെന്ന് ഉദ്യോഗാർഥിയായ ഇക്ബാൽ ആരോപിച്ചു. റാങ്ക് പട്ടികയിൽ ആയിരം പേരുണ്ടെങ്കിലും എല്ലാവർക്കും ജോലി ലഭിക്കുമെന്ന് ഉറപ്പുനൽകാനാകില്ല. കുറച്ചുപേരുടെ സ്വാർഥ താൽപര്യങ്ങൾ കാരണം 11,000 ഉദ്യോഗാർഥികൾ ബലിയാടാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലില്ലാത്ത വിരമിക്കൽ ഒഴിവുകളുടെ പേരിൽ ഉദ്യോഗാർഥികളെ സമരത്തിനിറക്കുകയാണെന്നും പട്ടികയിലുള്ളവർ വഞ്ചിക്കപ്പെടുകയാണെന്നും വിമത വിഭാഗം ആരോപിച്ചു. ജില്ലാതലത്തിൽ പരിശോധിച്ചാൽ വിരമിക്കൽ ഒഴിവുകളിലൂടെ നാലു ശതമാനത്തിൽ താഴെ പേർക്കു മാത്രമേ ജോലി ലഭിക്കൂവെന്നാണ് അവരുടെ വാദം. ഉദ്യോഗാർഥികളുടെ ഭാവിവച്ച് കളിക്കരുതെന്നും പ്രത്യേക ആവശ്യങ്ങളോ ലക്ഷ്യങ്ങളോ തങ്ങൾക്കില്ലെന്നും ജോലി മാത്രമാണ് ആവശ്യമെന്നും വിമത വിഭാഗം വ്യക്തമാക്കി.

You may also like